ദുബൈ: ( gcc.truevisionnews.com ) തനിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലോകത്ത് ഏറ്റവും സുരക്ഷിതമായ നഗരങ്ങളായി യുഎഇയിലെ അബൂദബിയും ദുബൈയും തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ ട്രാവൽ ഏജൻസിയായ ട്രാവൽബാഗ് പുറത്തുവിട്ട 2025ലെ ആഗോള പഠന റിപ്പോർട്ടിലാണ് യുഎഇ നഗരങ്ങൾ ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.
കുറ്റകൃത്യങ്ങളുടെ കുറഞ്ഞ നിരക്ക്, മികച്ച പൊലീസ് സംവിധാനം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് യുഎഇയെ സോളോ ട്രാവലേഴ്സിന്റെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. ഒമാൻ തലസ്ഥാനമായ മസ്‌കത്തും പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്.
ലോകമെമ്പാടുമുള്ള 36 പ്രധാന നഗരങ്ങളിലെ പകൽസമയത്തെയും രാത്രികാലത്തെയും സുരക്ഷാ സ്‌കോറുകൾ പരിശോധിച്ചാണ് പഠനം തയ്യാറാക്കിയത്. അബൂദബിക്ക് പകൽ സമയത്തെ സുരക്ഷയിൽ 92 പോയിന്റും രാത്രിയിൽ 87 പോയിന്റും ലഭിച്ചു. ദുബൈ പകൽ 91ഉം രാത്രിയിൽ 83ഉം പോയിന്റുകളാണ് നേടിയത്.
സോളോ ട്രാവലേഴ്സിൽ ഭൂരിഭാഗവും തങ്ങളുടെ ലക്ഷ്യസ്ഥാനം തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ പരിഗണന നൽകുന്നത് സുരക്ഷയ്ക്കാണ്. തായ്ലൻഡിലെ ചിയാങ് മായ്, ന്യൂസിലൻഡിലെ ക്വീൻസ്ടൗൺ എന്നിവയും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.
abu dhabi and dubai are the safest cities for solo travelers




























