Jan 6, 2026 01:54 PM

അബുദാബി: ( gcc.truevisionnews.com ) ജിസിസി രാജ്യങ്ങൾ കൊടുംതണുപ്പിലേക്ക്. സൗദി, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ചിലയിടങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തുകയും മഞ്ഞുറയുകയും ചെയ്തിരുന്നു. യുഎഇ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ 10നും 15നും ഇടയിലാകും വരുംദിവസങ്ങളിലെ താപനില.

അപൂർവം ചിലയിടങ്ങളിൽ പൂജ്യം ഡിഗ്രിയിലേക്ക് എത്തുമെന്നും സൂചനയുണ്ട്. സൈബീരിയൻ ശീതക്കാറ്റും പ്രാദേശിക ഷമാൽ കാറ്റുമാണ് ഗൾഫിലെ തണുപ്പു കൂട്ടിയത്.സൗദിയുടെ വടക്കൻ മേഖലകളായ തബുക്ക്, അൽജൗഫ് എന്നിവിടങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴെ എത്തുകയും മഞ്ഞുവീഴ്ചയുണ്ടാവുകയും ചെയ്തു.

തലസ്ഥാനമായ റിയാദിലും കഠിന തണുപ്പ് തുടരുകയാണ്. ഒമാനിലെ ജബൽ ഷംസ് പോലുള്ള സ്ഥലങ്ങളിൽ താപനില പൂജ്യത്തിനും താഴെയാണ്. ഇവിടെ വരും ദിവസങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. കുവൈത്തിലെ ചിലയിടങ്ങളിൽ നിലവിൽ താപനില 3 ഡിഗ്രി സെൽഷ്യസിനു താഴേയ്ക്കെത്തി.

മണിക്കൂറിൽ 60 കി.മീ വേഗത്തിൽ വീശിയടിക്കുന്ന പൊടിക്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു.യുഎഇയിൽ ഈ മാസം 10 മുതൽ 22 വരെ താപനില 5 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. ജബൽ ജയ്സ് പോലുള്ള പർവത നിരകളിൽ താപനില പൂജ്യത്തിലേക്ക് എത്തിയേക്കും. പുലർച്ചെയുള്ള ശക്തമായ മൂടൽമഞ്ഞ് ദൃശ്യപരിധി കുറയ്ക്കും.

ഖത്തർ, ബഹ്റൈൻ രാജ്യങ്ങളിൽ വീശുന്ന ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് താപനിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം.

∙ വാഹനമോടിക്കുന്നവർ വേഗം കുറയ്ക്കുക, മഞ്ഞുള്ളപ്പോൾ ലോ-ബീം ഹെഡ്‌ലൈറ്റുകൾ മാത്രം ഉപയോഗിക്കുക. മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുക.

∙ രോഗികൾ, ആസ്മ, അലർജി തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങളുള്ളവർ മാസ്ക് ധരിക്കുക.

∙ തണുപ്പിനെ പ്രതിരോധിക്കാൻ

ചർമം വരണ്ടുപോകാതിരിക്കാൻ മോയിസ്ചറൈസർ ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുക. തണുപ്പകറ്റാൻ ആവശ്യമായ വസ്ത്രങ്ങളും ഗ്ലൗസ്, തൊപ്പി, മാസ്ക് എന്നിവയും ധരിക്കുക. ഒന്നിലധികം പാളികളുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശരീരതാപം നിലനിർത്താൻ സഹായിക്കും. വീടിനകത്ത് ഹീറ്ററുകൾ ഉപയോഗിക്കുന്നവർ വായുസഞ്ചാരം ഉറപ്പാക്കണം. രാത്രി ഉറങ്ങുമ്പോൾ ഹീറ്ററുകൾ ഓഫ് ചെയ്യണം.

Severe cold Gulf countries heading for extreme cold

Next TV

Top Stories