സൗദി അറേബ്യ: [gcc.truevisionnews.com] രാജ്യത്തെ റോഡ് ശൃംഖല വിപുലീകരിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമായി 'വ്യക്തികൾ വഴിയുള്ള റോഡ് നിർമാണം' എന്ന പദ്ധതിയുടെ കരട് നിയമം മന്ത്രാലയം പുറത്തിറക്കി.
റോഡ് നിർമിക്കുന്ന വ്യക്തികൾക്കോ കമ്പനികൾക്കോ ആ പാതയ്ക്ക് ഇഷ്ടമുള്ള പേരോ സ്പോൺസർമാരുടെ പേരോ നൽകാൻ സാധിക്കും. പുതിയ മൺപാതകൾ നിർമിക്കാനും, നിലവിലുള്ളവ ടാർ ചെയ്യാനും അല്ലെങ്കിൽ റോഡുകൾ വികസിപ്പിക്കാനും അനുവാദമുണ്ടാകും.
നിർമാണം പൂർത്തിയായി സർക്കാർ ഏറ്റെടുത്തു കഴിഞ്ഞാൽ, പിന്നീട് ആ റോഡുകളുടെ പരിപാലനവും സംരക്ഷണവും ഗവൺമെന്റ് നിർവഹിക്കും. റോഡ് നിർമിക്കാൻ താൽപ്പര്യമുള്ളവർ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷ സമർപ്പിക്കണം.
റോഡിന്റെ കൃത്യമായ മാപ്പ്, ദൂരം, റോഡിന്റെ തരം, ബന്ധിപ്പിക്കുന്ന പ്രധാന പാത തുടങ്ങിയ വിവരങ്ങൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. നഗര പരിധിയിലാണെങ്കിൽ മുനിസിപ്പൽ-ഭവന മന്ത്രാലയത്തെ സമീപിക്കണം.
കാർഷിക മേഖലയിലാണെങ്കിൽ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിനാണ് അപേക്ഷ നൽകേണ്ടത്. നഗരത്തിന് പുറത്താണെങ്കിൽ പബ്ലിക് റോഡ്‌സ് അതോറിറ്റി വഴി അനുമതി തേടണം. അംഗീകൃത സാങ്കേതിക നിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് രാജ്യത്തെ റോഡ് വികസനം വേഗത്തിലാക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
സ്വകാര്യ വസ്തുക്കൾ കൈയേറ്റം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന നിർദ്ദേശങ്ങൾ നിയമത്തിലുണ്ട്. നിലവിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായി ഈ നിയമത്തിന്റെ കരട് 'ഇസ്‌തിത്ലാഅ്' പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
In Saudi Arabia, you can now build roads in your own name


































