( www.truevisionnews.com ) തണുപ്പ്, സന്തോഷം, ഭയം അല്ലെങ്കിൽ പ്രിയപ്പെട്ട പാട്ടുകൾ കേൾക്കുമ്പോൾ രോമാഞ്ചമുണ്ടാകുന്നത് സാധാരണമാണ്. നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന ഈ കൗതുകകരമായ മാറ്റത്തിന് പിന്നിലെ കാരണങ്ങൾ പരിശോധിക്കാം.
എന്താണ് രോമാഞ്ചം?
രോമകൂപങ്ങളുടെ വേരിലുളള ചെറിയ പേശികളുടെ സങ്കോചം (Arrector pili muscles) മൂലമാണ് രോമാഞ്ചം ഉണ്ടാകുന്നത്. രോമാഞ്ചം ഉണ്ടാകുമ്പോള്‍ ഈ പേശികള്‍ ചുരുങ്ങുകയും രോമങ്ങള്‍ നിവര്‍ന്ന് നില്‍ക്കുകയും ചെയ്യും. ഈ പ്രക്രീയ യാന്ത്രികമായി സംഭവിക്കുന്നതാണ്. ചില സാഹചര്യങ്ങളോട് ശരീരം പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് രോമാഞ്ചം ഉണ്ടാകുന്നത്.
ശരീരത്തിന് തണുപ്പ് അനുഭവപ്പെടുമ്പോൾ രോമങ്ങൾ ഉയർന്നുനിൽക്കുകയും ചർമ്മത്തിന് മുകളിൽ ഒരു താപകവചം തീർക്കുകയും ചെയ്യുന്നു. രോമങ്ങളോട് ചേർന്നുള്ള ചെറിയ പേശികൾ ചുരുങ്ങുമ്പോൾ ചർമ്മത്തിൽ ചെറിയ കുഴിവുകൾ രൂപപ്പെടുകയും, ഇത് തൊട്ടടുത്തുള്ള ഭാഗം പുറത്തേക്ക് തള്ളാനും രോമങ്ങൾ എഴുന്നേറ്റ് നിൽക്കാനും കാരണമാകുന്നു. തണുപ്പിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ ഈ പ്രക്രിയ സഹായിക്കുന്നു.

രോമാഞ്ചം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന ഘടകം സ്ട്രെസ് ഹോർമോണായ അഡ്രിനാലിൻ (Adrenaline) ആണ്. അഡ്രിനാലിൻ ശരീരത്തിൽ പുറപ്പെടുവിക്കപ്പെടുമ്പോൾ രോമാഞ്ചത്തിന് പുറമെ മറ്റ് ചില ലക്ഷണങ്ങളും പ്രകടമാകാറുണ്ട്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർധിക്കുക, കൈകൾ വിറയ്ക്കുക,കണ്ണുനീർ വരിക ശരീരം പെട്ടെന്നുള്ള വികാരങ്ങളോടോ (ഭയം, അമിതമായ സന്തോഷം) സാഹചര്യങ്ങളോടോ പ്രതികരിക്കുമ്പോഴാണ് ഈ ഹോർമോൺ ഉല്പാദിപ്പിക്കപ്പെടുന്നത്.
ഭയവും തണുപ്പും മാത്രമല്ല രോമാഞ്ചത്തിന് കാരണമാകുന്നത്. ഇഷ്ടപ്പെട്ട ഒരു പാട്ട് കേൾക്കുമ്പോഴോ, സിനിമയിലെ വൈകാരികമായ രംഗങ്ങൾ കാണുമ്പോഴോ, പഴയ ഓർമ്മകൾ പങ്കുവെക്കുമ്പോഴോ രോമാഞ്ചം ഉണ്ടാകാം. തലച്ചോറിലെ വൈകാരിക കേന്ദ്രങ്ങളും നാഡീവ്യവസ്ഥയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. നമ്മുടെ മനസ്സിനെ സ്പർശിക്കുന്ന കാര്യങ്ങളോട് ശരീരം എത്രത്തോളം വേഗത്തിൽ പ്രതികരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്.
Thrill is not just a feeling; we know the science behind it





































