(https://truevisionnews.com/) പുത്തൻ വസ്ത്രങ്ങൾ ധരിക്കുന്നത് എല്ലാവർക്കും ഇഷ്ടമാണ്. അതിന്റെ നിറവും പുതുമയുള്ള മണവും വല്ലാത്തൊരു ആത്മവിശ്വാസം നൽകും. കടയിൽ നിന്ന് വാങ്ങിയ ഉടനെയോ ഓൺലൈനിൽ പാർസൽ വന്നാലുടനെയോ അത് ധരിച്ചുനോക്കാൻ പലരും തിടുക്കം കൂട്ടാറുണ്ട്. എന്നാൽ ഈ പുതുമയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില അപകടങ്ങൾ നാം ശ്രദ്ധിക്കാറില്ല. പുതിയ വസ്ത്രങ്ങൾ ആദ്യമായി ഉപയോഗിക്കുന്നതിന് മുൻപ് കഴുകേണ്ടത് ആരോഗ്യത്തിന് എത്രത്തോളം അത്യാവശ്യമാണെന്ന് നോക്കാം.
വസ്ത്രങ്ങൾ നിർമ്മിക്കുന്ന പ്രക്രിയയിൽ പലതരം ഡൈകളും (നിറങ്ങൾ), ഫോർമാൽഡിഹൈഡ് പോലുള്ള രാസവസ്തുക്കളും ഉപയോഗിക്കാറുണ്ട്. ഇവ ചർമ്മത്തിൽ തട്ടുമ്പോൾ ചൊറിച്ചിൽ, അലർജി, ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഫാക്ടറികളിൽ നിന്ന് കടകളിലെത്തുന്നത് വരെ വസ്ത്രങ്ങൾ പലയിടങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ഈ സമയത്ത് അവയിൽ പൊടിയും അഴുക്കും നിറയാൻ സാധ്യതയുണ്ട്.
കടകളിൽ വസ്ത്രങ്ങൾ വാങ്ങുന്നതിന് മുൻപ് പലരും അത് ധരിച്ചുനോക്കാറുണ്ട് ചർമ്മരോഗമുള്ള ആരെങ്കിലും അത് ധരിച്ചിട്ടുണ്ടെങ്കിൽ, ആ രോഗം നിങ്ങൾക്കും പകരാൻ സാധ്യതയുണ്ട്.
വസ്ത്രങ്ങൾ നിർമ്മിക്കുന്ന ഘട്ടത്തിൽ അവ ആകർഷകമാക്കാനും ഈടുനിൽക്കാനും നിരവധി രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ഇവയെക്കുറിച്ചും അവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും വായനക്കാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ:
എന്തുകൊണ്ടാണ് പുതിയ വസ്ത്രങ്ങൾ ചർമ്മത്തിന് ദോഷകരമാകുന്നത്?
തുണിത്തരങ്ങൾ ചുളിയാതിരിക്കാനും, നിറം മങ്ങാതിരിക്കാനും, പൂപ്പൽ പിടിക്കാതിരിക്കാനും പലപ്പോഴും 'ഫിനിഷിങ് ഏജന്റുകൾ' ഉപയോഗിക്കാറുണ്ട്.
ഡൈകൾ, ഫോർമാൽഡിഹൈഡ് തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം പുതിയ വസ്ത്രങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
അടിവസ്ത്രങ്ങളും വർക്കൗട്ട് വസ്ത്രങ്ങളും നമ്മുടെ ചർമ്മവുമായി ഏറ്റവും കൂടുതൽ ചേർന്നുനിൽക്കുന്ന വസ്ത്രങ്ങളാണിവ. അതിനാൽ ഇവ വാങ്ങിയ ഉടൻ കഴുകി ഉപയോഗിക്കുന്നത് നിർബന്ധമാക്കുക.
ചില പുതിയ വസ്ത്രങ്ങളിൽ നിന്ന് ആദ്യത്തെ കഴുകലിൽ നിറം ഇളകാൻ സാധ്യതയുണ്ട്. അതിനാൽ മറ്റ് വസ്ത്രങ്ങൾക്കൊപ്പം ഇടാതെ ആദ്യ തവണ ഇവ തനിച്ച് കഴുകുന്നതാണ് നല്ലത്.
പുത്തൻ വസ്ത്രങ്ങൾ കഴുകുന്നത് ഒരു നിയമമല്ലെങ്കിലും, അതൊരു നല്ല ശീലമാണ്. നമ്മുടെ ആരോഗ്യത്തിനും ചർമ്മസംരക്ഷണത്തിനും ഈ ചെറിയ കരുതൽ വലിയ മാറ്റം കൊണ്ടുവരും. അടുത്ത തവണ ഒരു പുതിയ ഡ്രസ്സ് വാങ്ങുമ്പോൾ അത് അലമാരയിലേക്ക് വയ്ക്കുന്നതിന് മുൻപ് ഒന്ന് വാഷ് ചെയ്യാൻ മറക്കരുത്!
If you buy a new dress, pay attention to this before putting it in the closet!






































