മസ്‌കത്ത്: (https://gcc.truevisionnews.com/) സമുദ്രസുരക്ഷാ മേഖലയിൽ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാനും ബ്രിട്ടനും തമ്മിൽ ചർച്ച നടത്തി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ബ്രിട്ടീഷ് വിദേശകാര്യ-കോമൺവെൽത്ത് മന്ത്രാലയത്തിലെ പൊളിറ്റിക്കൽ ഡയറക്ടർ ജനറൽ ലോർഡ് എഡ്വേർഡ് ലെവെലിനുമായാണ് കൂടിക്കാഴ്ച നടത്തിയത്. മേഖലയിലെ പുതിയ സംഭവവികാസങ്ങളും അവയുടെ പ്രത്യാഘാതങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമായി.
മേഖലയിൽ സമാധാനം നിലനിർത്തുന്നതിനും സുസ്ഥിര രാഷ്ട്രീയ -നയതന്ത്ര പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു. തന്ത്രപ്രധാനമായ കടലിടുക്കുകളുടെയും സമുദ്രപാതകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം സയ്യിദ് ബദർ അൽ ബുസൈദി കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു.
ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പാതകളുടെ സുരക്ഷയും അന്താരാഷ്ട്ര ചരക്കുനീക്കത്തിന്റെ സുഗമമായ ഒഴുക്കും ഉറപ്പാക്കേണ്ടത് ആഗോള സാമ്പത്തിക സ്ഥിരതക്ക് അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സമുദ്രസുരക്ഷാ മേഖലയിലും സുരക്ഷാ രംഗത്തും ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത ഏകോപനവും സഹകരണവും ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
മേഖലയിൽ സുസ്ഥിരത നിലനിർത്തുന്നതിനും അന്താരാഷ്ട്ര നിയമങ്ങളും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും പരസ്പര വൈദഗ്ധ്യം പങ്കുവെക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ചൂണ്ടിക്കാട്ടി. മേഖലയിലെ സമാധാനശ്രമങ്ങളിൽ ഒമാൻ നടത്തുന്ന ഇടപെടലുകളെ ബ്രിട്ടീഷ് പ്രതിനിധി അഭിനന്ദിച്ചു.കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങളിലെ വിദേശമന്ത്രിമാരുമായി സയ്യിദ് ബദർ ഫോണിൽ ചർച്ച നടത്തിയിരുന്നു.
Maritime security: Oman and Britain strengthen cooperation






























.jpeg)






