റിയാദ്: ( gcc.truevisionnews.com ) പത്താം ക്ലാസ് പരീക്ഷാ വിജയത്തിന് ശേഷം പ്ലസ് വണ്ണിലെ ആദ്യ ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടായ പ്രവാസി മലയാളി വിദ്യാർഥി ഹനീൻ അബ്ദുസമദ് (15) ചികിത്സയിലിരിക്കെ മരിച്ചു. റിയാദ് സുലൈമാനിയ്യയിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഹനീൻ, ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്.
മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയും കാലിക്കറ്റ് യൂനിവേഴ്സിറ്റി സെക്ഷൻ ഓഫീസറുമായ അഡ്വ. പി.കെ. ഹബീബ് റഹ്മാെൻറയും, റിയാദിലെ അമീറ നൂറ യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലെ അസിസ്റ്റൻറ് പ്രഫസർ ഡോ. കെ. ഷയീെൻറയും മകനാണ്.
ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പ്ലസ് വൺ ക്ലാസിെൻറ ആദ്യ ദിനം യൂണിഫോമണിഞ്ഞ് സ്കൂളിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് വീട്ടിൽ വെച്ച് ഹനീൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ അമീറ നൂറ യൂനിവേഴ്സിറ്റി കാമ്പസിലെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹനീൻ, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
10ാം ക്ലാസ് പരീക്ഷ കഴിഞ്ഞ ശേഷം പിതാവും സഹോദരനും നാട്ടിലേക്ക് മടങ്ങിയപ്പോൾ, ഉമ്മയ്ക്കും അനിയത്തിക്കും കൂട്ടായി റിയാദിൽ തന്നെ തുടരാൻ തീരുമാനിച്ച ഹനീൻ കുടുംബത്തിെൻറ വലിയ പ്രതീക്ഷയായിരുന്നു. ഖുർആൻ ഹൃദിസ്ഥമാക്കുന്നതിലും ഫുട്ബാളിലും ഹനീൻ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥി ഹാദി അബ്ദുറഹ്മാൻ, റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഹയാ ഹബീബ് എന്നിവരാണ് സഹോദരങ്ങൾ.
മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് വൈസ് ചെയർമാൻ ഷറഫു പുളിക്കൽ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ മേൽനോട്ടത്തിൽ ജാഫർ വീംബൂർ, സലീം സിയാംകണ്ടം, മുഹമ്മദ് കുട്ടി കുറിയോടം തുടങ്ങിയവർ സഹായത്തിനുണ്ട്. കൗമാരക്കാരനായ ഹനീെൻറ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തെ നൊമ്പരത്തിലാഴ്ത്തി.
Malayali Plus One student dies of heart attack in Riyadh





































