ദോഹ: ( gcc.truevisionnews.com ) അടുത്ത മാസം ആദ്യം മുതൽ കോഴിക്കോട്ടേക്ക് സർവീസ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. യുദ്ധത്തെ തുടർന്ന് തടസ്സപ്പെട്ട സർവീസുകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനികളും വൈകാതെ സർവീസ് ആരംഭിക്കും.
മെയ് ഒന്നു മുതലാണ് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവീസ് പുനഃരാരംഭിക്കുന്നത്. നിലവിൽ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഖത്തർ എയർവേയ്സ് സർവീസ് നടത്തുന്നുണ്ട്.
കോഴിക്കോട്ടേക്കു കൂടി സർവീസ് പ്രഖ്യാപിച്ചത് മലബാറിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ അനുഗ്രഹമാകും. മെയ് ഒന്നിന് ബഹ്റൈനിലേക്കും ഡമസ്കസിലേക്കും പ്രതിദിന സർവീസ് തുടങ്ങും. ഏപ്രിൽ 23 മുതൽ ദുബൈ, ഷാർജ നഗരങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിച്ചിരുന്നു.
അടുത്ത മാസം ആദ്യവാരം മുതൽ എയർ ഇന്ത്യയും ഇൻഡിഗോയും ദോഹയിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസ് വീണ്ടും തുടങ്ങുന്നുണ്ട്. സർവീസുകൾ കുറഞ്ഞപ്പോൾ കൂടിയ ടിക്കറ്റ് നിരക്കുകൾ കൂടുതൽ വിമാനങ്ങളെത്തുന്നതോടെ കുറയുമെന്നാണ് പ്രതീക്ഷ.

സെപ്തംബർ 15 വരെയുള്ള ടിക്കറ്റ് എടുത്തവർക്ക് ഒക്ടോബർ 31 വരെ അധിക നിരക്ക് നൽകാതെ യാത്രാ തിയ്യതി മാറ്റാനോ റീഫണ്ടിനോ സൗകര്യമുണ്ടാകുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു.. റീഫണ്ടിന് 28 തൊഴിൽ ദിനങ്ങൾ വരെ എടുത്തേക്കുമെന്നും കമ്പനി വ്യക്തമാക്കി.
Content Highlight: Qatar Airways announces daily service to Kozhikode































