(https://truevisionnews.com/) പാമ്പ് കടിയേറ്റാൽ ഉടൻ ചെയ്യേണ്ടവ
ശാന്തത പാലിക്കുക: പരിഭ്രമിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. പേടിക്കുമ്പോൾ ശരീരത്തിൽ അഡ്രിനാലിൻ ഹോർമോൺ കൂടുകയും രക്തചംക്രമണം വേഗത്തിലാവുകയും ചെയ്യും. ഇത് വിഷം ശരീരത്തിൽ വേഗത്തിൽ പടരാൻ കാരണമാകും.
ചലനം ഒഴിവാക്കുക: കടിയേറ്റ ഭാഗം പരമാവധി അനക്കാതിരിക്കുക. കടിയേറ്റ ആളെ നടക്കാനോ ഓടാനോ അനുവദിക്കരുത്. സ്ട്രക്ചറിലോ മറ്റോ കിടത്തി വേണം ആശുപത്രിയിലെത്തിക്കാൻ.
അതിവേഗം ആശുപത്രിയിലെത്തിക്കുക: ഒട്ടും സമയം കളയാതെ ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുക. താലൂക്ക് ആശുപത്രികൾ മുതൽ ഇപ്പോൾ ആന്റിവെനം ലഭ്യമാണ്.
മുറിവ് കെട്ടേണ്ട രീതി: ഇലാസ്റ്റിക് ബാൻഡേജ് കൊണ്ട് കടിയേറ്റ ഭാഗത്തിന് മുകളിൽ മിതമായി കെട്ടാം. എന്നാൽ കയറോ തുണിയോ ഉപയോഗിച്ച് രക്തയോട്ടം പൂർണ്ണമായും നിലയ്ക്കുന്ന രീതിയിൽ മുറുക്കിക്കെട്ടരുത്.
ചെയ്യരുതാത്തവ: മുറിവ് കഴുകാനോ, കൂടുതൽ കീറി രക്തം കളയാനോ ശ്രമിക്കരുത്. മുറിവിൽ ഐസ്, ചായപ്പൊടി, മഞ്ഞൾപ്പൊടി, കനൽ എന്നിവ വയ്ക്കുന്നതും അശാസ്ത്രീയമായ പച്ചമരുന്ന് പ്രയോഗങ്ങളും ഒഴിവാക്കുക.
ആശുപത്രിയിലെ ചികിത്സാ രീതി
ഡോക്ടർമാർ പ്രധാനമായും രണ്ട് കാര്യങ്ങൾ നോക്കിയാണ് ആന്റിവെനം നൽകുന്നത്:
രോഗിയിലുണ്ടാകുന്ന ലക്ഷണങ്ങൾ.
രക്തപരിശോധനാ ഫലങ്ങൾ.
ശ്രദ്ധിക്കുക: പാമ്പ് കടിയേറ്റ എല്ലാവരിലും വിഷം ഉള്ളിൽ ചെല്ലണമെന്നില്ല (Dry Bite). അതിനാൽ കൃത്യമായ ലക്ഷണങ്ങൾ കണ്ടാൽ മാത്രമേ ആന്റിവെനം നൽകാറുള്ളൂ. കാരണം, ആന്റിവെനം ചിലരിൽ ഗുരുതരമായ അലർജിക്ക് കാരണമായേക്കാം.
വിഷം ഉള്ളിൽച്ചെന്നതിന്റെ ലക്ഷണങ്ങൾ
കടിയേറ്റ ഭാഗത്തെ പാടുകൾ, കണ്ണ് തുറക്കാൻ കഴിയാത്ത അവസ്ഥ (Ptosis).
കാഴ്ചക്കുറവ്, ഉമിനീർ ഇറക്കാൻ ബുദ്ധിമുട്ട്.
തല നേരെ നിർത്താൻ കഴിയാത്ത സ്ഥിതി.
മുറിവിൽ നിന്നോ മറ്റ് അവയവങ്ങളിൽ നിന്നോ ഉള്ള രക്തസ്രാവം.
മൂത്രം കറുത്ത നിറത്തിൽ പോകുക.
പരിശോധനകൾ
രോഗിയുടെ ശ്വാസോച്ഛാസം, രക്തസമ്മർദ്ദം എന്നിവ നിരീക്ഷിക്കും.
രക്തം കട്ടപിടിക്കാൻ എടുക്കുന്ന സമയം ( clotting time) പരിശോധിക്കും. അണലി വർഗ്ഗത്തിൽപ്പെട്ട പാമ്പുകളുടെ വിഷബാധയേറ്റാൽ ഇത് വേഗത്തിൽ തിരിച്ചറിയാം.
എന്നാൽ മൂർഖൻ പോലുള്ള പാമ്പുകളുടെ വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത് എന്നതിനാൽ ലാബ് പരിശോധനകളേക്കാൾ ലക്ഷണങ്ങൾക്കാണ് ഡോക്ടർമാർ പ്രാധാന്യം നൽകുന്നത്.
പാമ്പ് കടിയേറ്റാൽ സമയം ഒട്ടും പാഴാക്കാതെ ആധുനിക വൈദ്യസഹായം ലഭ്യമാക്കുക എന്നതാണ് ജീവൻ രക്ഷിക്കാനുള്ള ഏക മാർഗ്ഗം.
Don't tear the wound, don't run! What's the first thing to do if you get bitten by a snake? Everything you need to know








































