ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ അനുഭവപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് വിവിധ റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടായി.
വടക്കൻ-കിഴക്കൻ എമിറേറ്റുകളിൽ മഴ കനത്തതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ആംബർ അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി.
പർവ്വതങ്ങളിൽ നിന്ന് മഴവെള്ളം കുത്തിയൊലിച്ച് റോഡുകളിലെത്തിയതോടെ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ഗതാഗതം താറുമാറായി. ഒട്ടേറെ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. ഫുജൈറയിൽ മസാഫി, ആസ്മ, മുർബാദ് എന്നിവിടങ്ങളിൽ മിതമായതോ അതിശക്തമായതോ ആയ മഴ രേഖപ്പെടുത്തി.
ദുബൈയിൽ അൽ ലിസൈലി പ്രദേശത്ത് ശക്തമായ മഴ പെയ്തു. റാസൽഖൈമയിൽ മസാഫി മേഖലയിൽ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖോർഫക്കാൻ റോഡിലും മുർബാദ്-മസാഫി പാതയിലും കനത്ത മഴയ്ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും അനുഭവപ്പെട്ടു.
Heavy rain in the UAE, many roads flooded, caution issued


































