അബുദാബി: ( gcc.truevisionnews.com ) രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ നിർണായക മാറ്റം കുറിച്ചുകൊണ്ട് ദേശീയ പാഠ്യപദ്ധതിക്കായി (നാഷണൽ എജ്യുക്കേഷണൽ കരിക്കുലം) യുഎഇ ആദ്യമായി ഫെഡറൽ ഡിക്രി നിയമം പുറത്തിറക്കി. പാഠ്യപദ്ധതിയുടെ രൂപകൽപന, അംഗീകാരം, നടപ്പിലാക്കൽ, വിലയിരുത്തൽ എന്നിവയ്ക്ക് വ്യക്തമായ നിയമസംവിധാനം ഒരുക്കുന്നതാണ് ഈ പുതിയ നീക്കം.
പൊതു-സ്വകാര്യ മേഖലകളിലെ കെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകൾക്കും ഈ നിയമം ബാധകമായിരിക്കും. സ്വന്തമായി പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്കും യുഎഇ നിർബന്ധമാക്കിയിട്ടുള്ള വിഷയങ്ങളിൽ പുതിയ നിയമം ബാധകമാണ്.
വിദ്യാഭ്യാസത്തിന്റെ ദേശീയ ലക്ഷ്യങ്ങൾ, മൂല്യങ്ങൾ, ദേശീയ സ്വത്വം എന്നിവ നിർവചിക്കുന്ന 'നാഷനൽ എജ്യുക്കേഷൻ ചാർട്ടർ' ആയിരിക്കും പാഠ്യപദ്ധതിയുടെ അടിസ്ഥാന രേഖ. പാഠ്യപദ്ധതിയിൽ വരുത്തുന്ന മാറ്റങ്ങളെ അവയുടെ പ്രാധാന്യമനുസരിച്ച് നാലായി തിരിച്ചിട്ടുണ്ട്.
വലിയ മാറ്റങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരവും പരീക്ഷണാടിസ്ഥാനത്തിലുള്ള വിലയിരുത്തലും നിർബന്ധമാണ്. ഭാഗികമായ മാറ്റങ്ങൾക്ക് എജ്യുക്കേഷൻ കൗൺസിലും സാങ്കേതികമായ തിരുത്തലുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയവുമാണ് അനുമതി നൽകേണ്ടത്. അടിയന്തര സാഹചര്യങ്ങളിലെ മാറ്റങ്ങൾക്കും നിയമത്തിൽ വ്യവസ്ഥയുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം തന്നെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും സൗജന്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാം. തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്കും ദേശീയ താൽപ്പര്യങ്ങൾക്കും അനുസൃതമായിരിക്കണം ഈ നിർദ്ദേശങ്ങൾ. സ്വകാര്യ സ്കൂളുകളിൽ നിയമം പാലിക്കുന്നുണ്ടെന്ന് പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റികൾ ഉറപ്പാക്കും. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിൽ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനും പുതിയ നിയമം വഴിയൊരുക്കും.
UAE issues law with crucial changes in education sector



























