ദുബൈ: (gcc.truevisionnews.com) നഗരത്തിലെ പ്രധാന ഔട്ട്‌ഡോർ ആകർഷണമായ ദുബൈ മിറാക്കിൾ ഗാർഡൻ്റെ പതിനാലാമത് സീസൺ സെപ്റ്റംബർ 29-ന് ആരംഭിക്കും. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്.
ദുബൈ അൽ ബർഷ സൗത്ത് മൂന്നിൽ സ്ഥിതി ചെയ്യുന്ന മിറാക്കിൾ ഗാർഡൻ, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂക്കളുടെ ഉദ്യാനമെന്ന നിലയിൽ പ്രശസ്തമാണ്. 72,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ, 150 ദശലക്ഷത്തിലധികം വ്യത്യസ്തയിനം പൂക്കൾ പല രൂപത്തിലും പാറ്റേണുകളിലുമായി ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.
2013-ൽ ആരംഭിച്ചത് മുതൽ മൂന്ന് ഗിന്നസ് ലോക റെക്കോർഡുകളും മിറാക്കിൾ ഗാർഡൻ സ്വന്തമാക്കിയിട്ടുണ്ട്. പൂക്കൾകൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ അലങ്കരിച്ച ഘടനയ്ക്കും ഏറ്റവും വലിയ വെർട്ടിക്കൽ ഗാർഡനും ഗിന്നസ് റെക്കോർഡ് ലഭിച്ചത് മിറാക്കിൾ ഗാർഡനാണ്.
14ാമത് സീസണിൽ പുതിയ കാഴ്ചകളും അനുഭവങ്ങളും സന്ദർശകർക്ക് സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് മിറാക്കിൾ ഗാർഡൻ. ഓരോ സീസണുകളിലും പുതിയ പുഷ്പാലങ്കാര ഇൻസ്റ്റലേഷനുകൾ ഒരുക്കാറുണ്ട്. കുടുംബസമേതം ഒഴിവ് ദിനങ്ങളിൽ സന്ദർശിക്കാൻ അവസരം നൽകുന്ന പൂക്കളാൽ വർണം തീർക്കുന്ന മനോഹരമായ ഇടം കൂടിയാണിത്.
പ്രവൃത്തിദിനങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി 11 വരെയാണ് സന്ദർശന സമയം. വാരാന്ത്യങ്ങളിൽ രാവിലെ ഒമ്പതു മുതൽ അർധരാത്രി 12 വരെയും സന്ദർശനം അനുവദിക്കും. ഓൺലൈനായും മിറാക്കിൾ ഗാർഡൻ ഗേറ്റുകളിലും ടിക്കറ്റുകൾ ലഭ്യമാണ്. യു.എ.ഇ നിവാസികൾക്ക് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവുകളും പ്രഖ്യാപിക്കാറുണ്ട്.
The Garden of Miracles is back; Dubai Miracle Garden's new season will begin on the 29th