ഷാർജ: (gcc.truevisionnews.com) ഷാർജ സഫാരിയുടെ അഞ്ചാം സീസൺ ആരംഭിച്ചു. ആഫ്രിക്കക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരിയിൽ സന്ദർശകർക്ക് ഞായറാഴ്ച മുതൽ പ്രവേശനം അനുവദിച്ചു തുടങ്ങി.
പുതിയ സീസണിന്റെ തുടക്കം പ്രമാണിച്ച്, രണ്ട് പുതിയ മൃഗങ്ങളുടെ ജനനം പ്രഖ്യാപിച്ചു. ഒരു ആഫ്രിക്കൻ സവന്ന ആനക്കുട്ടിയും ഇരട്ട റിംഗ്-ടെയിൽഡ് ലെമറുമാണ് സഫാരിയിലെ പുതിയ അതിഥികൾ.
ഷാർജയിലെ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയാണ് സഫാരിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. പുതിയ ആനക്കുട്ടിയെയും അമ്മ ആനയെയും ജനനം മുതൽ വെറ്ററിനറി, പോഷകാഹാര വിഭാഗം നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. ആഫ്രിക്കൻ സവന്ന ആനയുടെ അതിജീവനത്തിന് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ പ്രധാനമാണ്. മഡഗാസ്കറിൽനിന്നുള്ള മോതിരവാലൻ കുരങ്ങ് ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. ഇരട്ടകളുടെ ജനനം അപൂർവമായ ഒരു സംഭവമാണെന്നും സഫാരി വിശേഷിപ്പിച്ചു.
ഈ വർഷം രണ്ടാം പാദത്തിൽ ഷാർജ സഫാരിയിൽ 184 പക്ഷികളുടെയും സസ്തനികളുടെയും ജനനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജിറാഫുകൾ, സിംഹങ്ങൾ, ആനകൾ, കാണ്ടാമൃഗങ്ങൾ, അപൂർവ പക്ഷികൾ എന്നിവയുൾപ്പെടെ 151 ഇനം ജീവികൾ നിലവിൽ പാർക്കിൽ വസിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം 6 വരെയാണ് സഫാരിയിൽ സന്ദർശകർക്ക് പ്രവേശനം. ഗോൾഡ്, സിൽവർ, ബ്രോൺസ് വിഭാഗങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്.
Only exciting sights await at Sharjah Safari; Sharjah Safari's fifth season begins with new visitors