മദീന: (gcc.truevisionnews.com) 'ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ', വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിർവഹിക്കാനായി പൂണ്യഭൂമിയിലെത്തിയ ഭിന്നശേഷിക്കാരനായ മുഹമ്മദ് അൻസിലിന്റെ അവസാന വാക്കുകളാണിത്. വീൽചെയറിൽ മക്കയിലെത്തിയ കോഴിക്കോട് കുന്ദമംഗലം നിവാസിയായ 16കാരൻ തന്റെ ആഗ്രഹ സാഫല്യം പൂർത്തിയാക്കി ലോകത്തോട് വിടപറഞ്ഞു.
ഉംറ കർമങ്ങൾ പൂർത്തിയാക്കി പ്രവാചകന്റെ പൂങ്കാവനം സന്ദർശിക്കാൻ തയാറെടുത്തിരിക്കെയാണ് ഉമ്മയെ കാണണമെന്നുള്ള തന്റെ ആഗ്രഹം വല്യുപ്പയോടും വല്യുമ്മയോടും പറഞ്ഞത്. നേരം പുലരും വരെ കാത്തിരിക്കാമെന്ന് പറഞ്ഞ് വല്യുമ്മയുടെ വാത്സല്യം അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരറിഞ്ഞിരുന്നില്ല, അവൻ മറ്റൊരു യാത്രക്കുള്ള തയറാടെപ്പിലാണെന്നത്...!. മദീന കെ.എം.സി.സി വെൽഫെയർ വിങ്ങാണ് സമൂഹമാധ്യമങ്ങളിൽ അൻസിലിന്റെ മടക്കം വിവരിക്കുന്ന വൈകാരിക കുറിപ്പ് പങ്കുവെച്ചത്.
കുറിപ്പിന്റെ പൂർണ രൂപം
"'ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ...'
പുണ്യഭൂമിയിൽ നിന്നൊരു മാഞ്ഞുപോക്ക്...
വിശുദ്ധിയുടെ ഗന്ധം തങ്ങിനിൽക്കുന്ന മദീനയുടെ മണ്ണിൽ, കോഴിക്കോട് കുന്ദമംഗലത്തെ മുഹമ്മദ് അൻസിൽ എന്ന പതിനാറുകാരൻ തന്റെ ഇഹലോകയാത്ര അവസാനിപ്പിച്ചു. ഊഷ്മള സ്‌നേഹത്തിന്റെ തണലായ വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു ഈ ബാലൻ.
പരിശുദ്ധ കർമ്മങ്ങളുടെ നിർവൃതിയിൽ നിൽക്കെ, പ്രവാചകന്റെ പൂങ്കാവനം സന്ദർശിക്കുന്ന വേളയിലായിരുന്നു കാലം അവനെ മാടി വിളിച്ചത്. അൻസിലിന്റെ ഉള്ളിൽ അടങ്ങാത്ത ഒരുമ്മ വാത്സല്യത്തിനായുള്ള ദാഹമുണ്ടായിരുന്നു.
പുലർച്ചെ അവൻ അംഗശുദ്ധി വരുത്തി, ഒരു യാത്രക്ക് തയ്യാറെടുക്കുന്നവനെപ്പോലെ ഉണർന്നിരുന്നു. എന്നിട്ട്, നിറഞ്ഞ കണ്ണുകളോടെ ഉമ്മയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. നേരം പുലരും വരെ കാത്തിരിക്കാമെന്ന് പറഞ്ഞ് വല്യുമ്മയുടെ വാത്സല്യം അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, അവന്റെ ആത്മാവ് മറ്റൊരു യാത്രക്ക് ഒരുങ്ങുകയായിരുന്നു.... 'ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ...' ഒരു മകന്റെ ഹൃദയം നുറുങ്ങുന്ന ഈ അന്തിമ മൊഴി.
അവൻ ശാന്തമായി 'കലിമ' ചൊല്ലി, ജീവിതത്തിൽ നിന്ന് വിടവാങ്ങുന്നവന്റെ നിർമ്മലതയോടെ കട്ടിലിൽ കിടന്നു. പുലർച്ചെ 3:30-ന്, പ്രഭാതത്തിന് തൊട്ടുമുമ്പ്, അവന്റെ ശ്വാസം നിലച്ചു; മരണം അവനെ നിശ്ശബ്ദമായി പുൽകി.
ഈ പുണ്യഭൂമിയിൽ, അപ്രതീക്ഷിത ദുരന്തത്തിന് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ വല്യുപ്പയും വല്യുമ്മയും തളർന്നുപോയി. നിയമനടപടികളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ അവർ വിതുമ്പി. ആ സ്തംഭനാവസ്ഥയിൽ, കുന്ദമംഗലം ഗ്ലോബൽ കെഎംസിസി വഴി മദീന കെഎംസിസി വെൽഫെയർ വിങ്ങിന് വിവരം കൈമാറി.
ഉടൻതന്നെ മദീന കെഎംസിസി പ്രതിനിധികൾ അവർ താമസിച്ച ഹോട്ടലിലെത്തി, ആ വയോധികർക്ക് സാന്ത്വനമായി, താങ്ങായി മാറി. സ്വർഗ്ഗതുല്യമായ ജന്നത്തുൽ ബഖീഇൽ അൻസിലിന് ശാശ്വത വിശ്രമം നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഉമ്മയെ കാണാൻ കൊതിച്ച്, വിടവാങ്ങലിന്റെ സന്ദേശം കൈമാറി, വിശുദ്ധിയുടെ മണ്ണിൽ നിത്യനിദ്രയിലാണ്ട ആ പതിനാറുകാരന്റെ ഓർമ്മകൾ ഓരോ പ്രവാസിയുടെ നെഞ്ചിലും നീറ്റലായി അവശേഷിക്കും."
Kozhikode native who went to Mecca to perform Umrah with his grandparents dies