കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. 2025-2026 അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സുരക്ഷാ ശക്തമാക്കിയത്. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ രാവിലെയും വൈകുന്നേരവും ഫീൽഡ് പരിശോധന ഉറപ്പാക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ-ദവാസ് വ്യക്തമാക്കി.
തിരക്കേറിയ സമയത്ത് ട്രക്കുകൾ ഓടിക്കുന്നത് തടയുന്നതിൽ യാതൊരു ഇളവും ഇല്ല, നാടുകടത്തൽ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂൾ വർഷാരംഭത്തിനു മുന്നോടിയായി സുരക്ഷാ-ട്രാഫിക് തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ട്രാഫിക് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് കെട്ടിടം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സുരക്ഷിതവും അനുയോജ്യവുമായ അന്തരീക്ഷം ഒരുക്കുന്നതിൽ മന്ത്രാലയം യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ അറിയിച്ചു.
കൂടാതെ, സ്കൂളുകൾക്ക് ചുറ്റുമുള്ള ഗതാഗതം സുഗമമാക്കുന്നതിനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സുരക്ഷാ-ട്രാഫിക് പട്രോളിംഗ് സംവിധാനങ്ങളുടെ സജ്ജീകരണവും മേജർ ജനറൽ അൽ-ദവാസ് വിലയിരുത്തി. സുഗമമായ ഗതാഗതം ഉറപ്പാക്കാനും വിദ്യാർത്ഥികൾക്ക് സ്കൂളുകളിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Ministry of Interior tightens restrictions and security for trucks during rush hour in Kuwait