ദുബായ് : (gcc.truevisionnews.com) വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന 89,760 കാപ്റ്റഗൺ ഗുളികകളുമായി മൂന്നംഗ രാജ്യാന്തര ലഹരിമരുന്ന് സംഘം ദുബായ് പൊലീസിന്റെ പിടിയിലായി. 18.93 കിലോ ഭാരമുള്ള ഗുളികകൾക്ക് 4.4 ദശലക്ഷം ദിർഹം (ഏകദേശം 9.9 കോടി രൂപ) വിലവരും.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് 'ടോക്‌സിക് ബട്ടൺസ്' എന്ന പേരിൽ ദുബായ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ദുബായിലെ ഒരു അപാർട്ട്മെന്റിലും സമീപ എമിറേറ്റിലെ മറ്റൊരു സ്ഥലത്തുമായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. വിദേശത്തുള്ള സംഘത്തലവന്റെ നിർദേശപ്രകാരം അയൽരാജ്യത്തേയ്ക്ക് ഗുളികകൾ കടത്താനുള്ള ശ്രമത്തിലായിരുന്നു പ്രതികൾ.
ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ നടത്തിയ നീക്കങ്ങൾക്കൊടുവിൽ രണ്ട് അറബ് പൗരന്മാരും ഒരു ഏഷ്യൻ പൗരനും ഉൾപ്പെടെയുള്ള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദിയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളുമായി സഹകരിച്ചാണ് ദുബായ് പൊലീസ് ഈ നിർണായക ഓപറേഷൻ പൂർത്തിയാക്കിയത്.
Three member gang arrested in Dubai for smuggling drugs hidden inside buttons