ഷാർജ: (gcc.truevisionnews.com) ഷാർജയിലെ ജങ്ഷൻ 10, അൽ റഫിയ, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയുടെ നവീകരണം പൂർത്തിയായതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ) അറിയിച്ചു. പുതിയ നഗരപ്രദേശങ്ങൾക്ക് മെച്ചപ്പെട്ട റോഡ് സൗകര്യമൊരുക്കുന്നതിനും ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നവീകരണം.
ഏകദേശം 17 കിലോമീറ്റർ നീളമുള്ള റോഡിന്റെ ഇരുവശങ്ങളിലും ടാറിങ് ജോലികളും ഗതാഗതം കൂടുതൽ സുഗമമാക്കാൻ വശങ്ങളുടെ വീതിയും കൂട്ടി. ഈ മേഖലയിലെ വർധിച്ചുവരുന്ന ജനസംഖ്യക്ക് ആവശ്യമായ ഗതാഗത സൗകര്യം ഒരുക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പുതിയ റോഡ് നവീകരണ പദ്ധതി വികസനത്തിന്റെ ഭാഗമാണെന്ന് എസ്ആർടിഎ ചെയർമാൻ യൂസഫ് ഖമീസ് അൽ ഒത്മാനി പറഞ്ഞു.
ഈ നവീകരിച്ച റോഡ് വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും എമിറേറ്റ്സ് റോഡിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുകയും ചെയ്യും. ഇത് ഗതാഗത സൗകര്യം വർധിപ്പിക്കാൻ സഹായിക്കും. റോഡിലെ യു-ടേണുകളും ജങ്ഷനുകളും നവീകരിക്കുകയും പുതിയ ദിശാസൂചക ബോർഡുകളും ട്രാഫിക് ചിഹ്നങ്ങളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയിട്ടുണ്ട്.
New lanes, higher speeds; Major road upgrade completes connecting Emirates Road in Sharjah