ജിദ്ദ: (gcc.truevisionnews.com) സൗദി അറേബ്യയിലെ പ്രവാസി മലയാളികൾക്ക് ഇനി കൊച്ചി യാത്ര കൂടുതൽ എളുപ്പമാകും. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചുമുള്ള പുതിയ സർവീസിന് തുടക്കമിട്ട് ആകാശ എയർ. ജിദ്ദ-കൊച്ചി നേരിട്ടുള്ള ആദ്യ സർവീസിന് ജൂൺ 29നാണ് തുടക്കമായത്. ജൂലൈ 6നാണ് അടുത്ത സർവീസ്. ജൂലൈ 13 മുതൽ ആഴ്ചയിൽ 4 പ്രതിവാര സർവീസുകളാണ് കൊച്ചി-ജിദ്ദ സെക്ടറിലുള്ളത്.
ജിദ്ദയിലെ പ്രവാസി മലയാളികൾക്ക് മാത്രമല്ല ബിസിനസ്, ടൂറിസം, തീർഥാടനം എന്നീ ആവശ്യങ്ങൾക്കായി സൗദി അറേബ്യയിലേക്കും കേരളത്തിലേക്കുമെത്തുന്നവർക്ക് ബജറ്റ് എയർലൈൻ ആയ ആകാശ എയർ ഗുണകരമാകും. ചെലവ് കുറഞ്ഞ യാത്രയാണ് ആകാശ എയർ ഒരുക്കുന്നത്.
മധ്യപൂർവദേശത്തേക്കുള്ള സർവീസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കുള്ള പുതിയ സർവീസ്. ഗൾഫ് സെക്ടറിൽ അബുദാബി, ദോഹ എന്നിവിടങ്ങളിലേക്ക് മാത്രമായിരുന്നു ഇതുവരെ സർവീസ് നടത്തിയിരുന്നത്.
∙സർവീസുകൾ എങ്ങനെ, സമയക്രമം
ആഴ്ചയിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് സർവീസുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ 2 സർവീസുകൾ വീതമുണ്ട്. 186 ഇക്കോണമി സീറ്റുകൾ വീതമുള്ള ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.
ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 6.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് രാത്രി 9.55ന് ജിദ്ദയിൽ എത്തും. ജിദ്ദയിൽ നിന്ന് തിരികെ അടുത്ത ദിവസം രാവിലെ 6.45നാണ് കൊച്ചിയിലേക്കുള്ള മടക്കം. ഞായറാഴ്ച പുലർച്ചെ 3ന് പുറപ്പെടുന്ന വിമാനം ജിദ്ദയിൽ രാവിലെ 7.45ന് എത്തും. രാത്രി 8.30ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 10.10ന് ജിദ്ദയിലെത്തും
Travel easier for expatriate Malayalis Akash Air launches Kochi-Jeddah service