റിയാദ്: ( gccnews.in ) സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ നിയമനടപടികൾ പുരോഗമിക്കുന്നതായി റിയാദ് റഹീം നിയമസഹായ സമിതി അറിയിച്ചു. റിയാദ് ക്രിമിനൽ കോടതി 20 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച കേസിൽ 19 വർഷം പൂർത്തിയാക്കിയ തടവുകാലവും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് ജയിൽ മോചനം വേഗത്തിലാക്കാൻ റിയാദ് ഗവർണർക്ക് അപേക്ഷ നൽകും.
സൗദി ബാലൻ മരിച്ച കേസിൽ പബ്ലിക് റൈറ്റ്സ് പ്രകാരം ഇക്കഴിഞ്ഞ മെയ് 26നാണ് റഹീമിന് 20 വർഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനൽ കോടതി ഉത്തരവുണ്ടായത്. കോടതി വിധിയിൽ അപ്പീൽ നൽകാനുള്ള ഒരു മാസത്തെ സമയ പരിധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.
അപ്പീൽ നൽകേണ്ടതില്ലെന്ന് അബ്ദുൽ റഹീം ഇന്ത്യൻ എംബസിയെയും അഭിഭാഷകരെയും അറിയിച്ചിരുന്നു. അപ്പീൽ സമർപ്പിക്കാൻ 30 ദിവസത്തെ സമയമാണ് അനുവദിച്ചിരുന്നത്. റഹീമിന്റെ അഭിഭാഷകരായ ഡോ. റെന അബ്ദുൽ അസീസ്, ഒസാമ അൽ അമ്പർ എന്നിവർ അപ്പീലിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നെങ്കിലും റഹീമിന്റെ അഭിപ്രായം മാനിച്ച് മുന്നോട്ട് പോയില്ല.
മേയ് 26ന് വിധി വന്നപ്പോഴും പിന്നീട് പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ നൽകിയെന്ന് അറിഞ്ഞപ്പോഴും അപ്പീലിന് പോകാൻ റഹീമിന്റെ അനുമതി തേടിയിരുന്നു. എന്നാൽ അപ്പീൽ വേണ്ടെന്ന നിലപാടാണ് റഹീം സ്വീകരിച്ചത്. അപ്പീൽ നൽകുന്നത് കേസ് നീളാൻ ഇടയാക്കുമെന്നും ജയിൽമോചനം അനിശ്ചിതത്തിലാക്കുമെന്നുമുള്ള ആശങ്കയാണ് കാരണം. തന്റെ വിസമ്മതം റഹീം ഇന്ത്യൻ എംബസിയെയും നിയമ സഹായസമിതിയെയും അറിയിച്ചിരുന്നു. അതുകൊണ്ടാണ് പ്രതിഭാഗം അപ്പീൽ നൽകാതിരുന്നത്.
ഇനിയുള്ള നിയനിയമ നടപടികൾ സൂക്ഷ്മമായി വിലയിരുത്തി ആവശ്യമായ നീക്കങ്ങൾ യഥാസമയം നടത്തുമെന്ന് റിയാദ് നിയമ സഹായ സമിതി അറിയിച്ചു. ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് അഭിഭാഷകരുമായി ബന്ധപ്പെട്ട് ഭാവി കാര്യങ്ങൾ പൂർത്തിയാക്കുമെന്നും നിയമ സഹായസമിതി വാർത്താകുറിപ്പിൽ അറിയിച്ചു.
Legal Aid Committee submit clemency petition to Riyadh Governor expedite Raheem release