കോഴിക്കോട്: കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സ്വന്തമായി വീടില്ലാത്ത കുവൈത്ത് കെഎംസിസി അംഗങ്ങൾക്ക് വേണ്ടി നടപ്പിൽ വരുത്തുന്ന നന്മ ഭവന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
കുവൈത്ത് കെഎംസിസി നടപ്പിൽ വരുത്തുന്ന ജനോപകാര പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. കോഴിക്കോട് ലീഗ് ഹൗസിൽ നടന്ന പരിപാടിയിൽ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.
കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിക്ക് കീഴിലെ ശിഹാബ് തങ്ങൾ റിലീഫ് സെൽ ആണ് നന്മ ഭവന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ ഡോക്ടർ മുഹമ്മദലി നന്മ ഭവന പദ്ധതി വിശദീകരിച്ചു. അംഗങ്ങൾക്ക് വർഷത്തിൽ പത്ത് വീട് എന്നതാണ് നന്മ ഭവന പദ്ധതി ലക്ഷ്യം വെക്കുന്നത്. കാസർഗോഡ് ജില്ലയിലെ ഉദുമ, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, ബേപ്പൂർ മലപ്പുറം ജില്ലയിലെ പൊന്നാനി, വേങ്ങര എന്നീ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള അംഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീട് നിർമ്മിച്ചു നൽകുന്നത്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് റസാഖ് മാസ്റ്റർ ജില്ലാ സെക്രട്ടറി എൻ.സി. അബൂബക്കർ കുവൈത്ത് കെഎംസിസി വൈസ് പ്രസിഡന്റ് എം.ആർ. നാസർ, മാംഗോ ഹൈപ്പർ ചെയർമാൻ റഫീഖ് അഹ്‌മദ്, സിദ്ദീഖ് വലിയകത്ത്, സിദ്ദീഖ് മാസ്റ്റർ, വി.പി. ഇബ്രാഹിം കുട്ടി, അബ്ദുൽ സലാം മാസ്റ്റർ, സാലിഹ് ബാത്ത, സലാം വളാഞ്ചേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അബ്ദുൽ ഹകീം അഹ്സനിയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിക്ക് കുവൈത്ത് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും, ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. കുവൈത്ത് കെഎംസിസി സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.
Kuwait KMCC Swadikhali Shihab Thangal inaugurated five houses