അബുദാബി : (gcc.truevisionnews.com) വർധിച്ചുവരുന്ന ചൂടിനിടയിൽ ഡ്രൈവർമാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ട് യുഎഇ 'അപകടരഹിത വേനൽ' ക്യാംപെയിൻ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഈ ക്യാംപെയിൻ റോഡ് ഉപയോക്താക്കളോട് ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കാൻ നിർദ്ദേശിക്കുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും അവബോധം എത്തിച്ച് അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷയുടെ ഉയർന്ന നിലവാരം കൈവരിക്കാനും ഈ പ്രചാരണം ലക്ഷ്യമിടുന്നു. 2024-ലെ വേനൽക്കാലത്തും രാജ്യം അപകടരഹിത സംരംഭം ആരംഭിച്ചിരുന്നു. ടയർ പരിശോധനകൾ, വാഹനങ്ങളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ, നിശ്ചിത വേഗം പാലിക്കൽ, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കൽ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം ഇതിൽ ഉൾപ്പെടുന്നു.
വേനൽക്കാലം അടുക്കുമ്പോൾ, ചൂട് ടയറുകളെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ടയറുകൾ കേടുപാടുകളില്ലാത്തതാണെന്ന് ഉറപ്പുവരുത്താനും നിർമാണ തീയതി പരിശോധിക്കാനും ടയർ പ്രഷർ നിയന്ത്രിക്കാനും മോട്ടോറിസ്റ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ടയർ പൊട്ടിത്തെറിക്കുന്നതിനുള്ള 5 പ്രധാന കാരണങ്ങൾ
1. ടയറിന്റെ ശേഷിക്ക് അപ്പുറം വാഹനം അമിതമായി ഭാരം കയറ്റുന്നത്.
2. തെറ്റായ ടയർ പ്രഷർ.
3. ടയറിന്റെ രൂപകൽപന ചെയ്ത വേഗപരിധിക്ക് അപ്പുറം അമിത വേഗത്തിൽ ഓടിക്കുന്നത്.
4. ടയറുകളും ചൂടുള്ള ടാർ റോഡുകളും തമ്മിലുള്ള ഘർഷണം.
5. അനുയോജ്യമല്ലാത്ത സ്ഥലങ്ങളിലൂടെ (ഉദാ: ഓഫ്-റോഡ്) വാഹനം ഓടിക്കുന്നത് പോലുള്ള മുൻകാല ദുരുപയോഗം.
എങ്കിലും ടയർ പരിശോധനകൾ മാത്രമല്ല, അപകടങ്ങൾ തടയാനുള്ള ഏക മാർഗം വാഹനങ്ങൾ പതിവായി പരിശോധിക്കുന്നതും ഓയിൽ, കൂളിങ് ഫ്ലൂയിഡുകൾ, മറ്റ് ഘടകങ്ങൾ എന്നിവ പരിശോധിക്കുന്നതും അത്യാവശ്യമാണ്. വാഹനത്തിന്റെ ആരോഗ്യം പോലെ തന്നെ ഡ്രൈവർമാരുടെ റോഡിലെ നല്ല പെരുമാറ്റവും പ്രധാനമാണ്.
UAE warns drivers with Safe Summer campaign ensure safe travel