ദോഹ:(gcc.truevisionnews.com)ചുട്ടു പൊള്ളുന്ന അറേബ്യൻ ചൂടിനെ പിടിച്ചു കെട്ടാൻ സുഹൈൽ ശനിയാഴ്ച എത്തും. കഴിഞ്ഞ മാസങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത ചൂടിന് ഈ മാസം 24 ശനിയാഴ്ച ആകാശത്ത് ‘സുഹൈൽ’ ഉദിക്കുന്നതോടെ ശമനം വരുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ പറയുന്നത്.
ഖത്തറിലും മറ്റ് ജിസിസി രാജ്യങ്ങളിലും സുഹൈൽ സീസണിന് തുടക്കമിട്ടുകൊണ്ട് ഓഗസ്റ്റ് 24 ശനിയാഴ്ച സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (ക്യുസിഎച്ച്) അറിയിച്ചു.
40 മുതൽ 50 ഡിഗ്രിവരെ താപനിലയിൽ ഗൾഫ് മേഖല വെന്തുരുകുമ്പോൾ മാനത്ത് സുഹൈൽ ഉദിക്കുമെന്ന വാർത്ത ചെറിയ ആശ്വാസമല്ല നൽകുന്നത്.
വിശേഷിച്ചും തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്നവർക്ക്. വിവിധ ഗൾഫ് രാജ്യങ്ങളിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഖത്തറും ഇതര ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെ മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ഇതോടെ കടുത്ത ചൂട് കുറയും. ഗോളശാസ്ത്രജ്ഞരുടെ ഭാഷയിലെ ‘കാനോപസ് സ്റ്റാർ (Canopus Star) ആണ് സുഹൈൽ നക്ഷത്രം എന്ന പേരിൽ അറബ് മേഖലയിൽ അറിയപ്പെടുന്നത്.
ദക്ഷിണ ആകാശ ഗോളത്തിലെ നക്ഷത്രസമൂഹമായ കരീന മേജറിലെ രണ്ടാമത്തെ ഏറ്റവും തിളക്കമേറിയ വലിയ നക്ഷത്രമാണിത്.
ആകാശത്തെത്തുന്ന നക്ഷത്രങ്ങളെ നോക്കി ഋതുഭേദങ്ങളുടെ മാറ്റം കണക്കാക്കുന്ന അറബികൾക്ക് സുഹൈൽ ചൂടിന്റെ തീവ്രത കുറഞ്ഞുവരും എന്നതിനൊപ്പം പുതിയ കാർഷിക സീസണിന്‍റെ തുടക്കം കൂടിയാണ്.
ചൂടും ഹുമിഡിറ്റിയുമായി വേവുന്ന അന്തരീക്ഷം കുറയുന്നതിന്‍റെയും കാലാവസ്ഥ മെച്ചപ്പെടുന്നതിന്റെയും കാലഘട്ടം ആരംഭിക്കുന്നത് ഇതോടെയാണ്.
സുഹൈല്‍ നക്ഷത്രത്തിന്‍റെ ഉദയത്തോടെ, സഫി സീസണ്‍ ആരംഭിക്കുന്നു. തുടര്‍ന്നു വരുന്ന 40 ദിവസങ്ങൾക്കുള്ളിൽ ചൂട് കുറഞ്ഞ് മിതമായ കാലാവസ്ഥയിലേക്കും ഒക്ടോബര്‍ പകുതിയോടെ ശീതകാലത്തിലേക്കും ഇ മേഖല നീങ്ങും.
ഓഗസ്റ്റ് 24 മുതൽ രാത്രിയിൽ ആകാശത്ത് തിളങ്ങുന്ന നക്ഷത്രമായി സുഹൈലിനെ കാണാം. ഭൂമിയില്‍നിന്ന് 310 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.
സൂര്യന്‍റെ പതിനായിരം മടങ്ങ് തിളക്കവും എട്ട് മടങ്ങ് വലുപ്പവുമുണ്ടെന്നാണ് കണക്കാക്കുന്നത്. സുഹൈൽ നക്ഷത്രത്തെ കുറിച്ച് പുരാതന അറബ് സാഹിത്യ കൃതികളിൽ വരെ പരാമർശങ്ങളുണ്ട് .
52 ദിവസം ദൈർഘ്യമുള്ള സുഹൈൽ നക്ഷത്രം 13 ദിവസങ്ങളുള്ള നാല് ഘട്ടങ്ങളായി കാലാവസ്ഥ നിരീക്ഷകരും ഗോള ശാസ്ത്രജ്ഞരും വിഭജിച്ചിട്ടുണ്ട്.
ഓരോ ഘട്ടം കഴിയുന്തോറും ചൂട് കുറയുകയും അന്തരീക്ഷം തണുക്കുകയും ചെയ്യും.
#suhail #star #appear #over #qatar #skies #saturday #signals #cooler #weather