മനാമ:(gcc.truevisionnews.com) ബഹ്‌റൈൻ ഉൾപ്പെടെയുള്ള മേഖലയിലെ ആകാശം തിങ്കളാഴ്ച രാത്രി പതിവിലും കൂടുതൽ പ്രകാശിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'സൂപ്പർ ഹാർവെസ്റ്റ് മൂൺ' (Super Harvest Moon) പ്രത്യക്ഷപ്പെടുന്നതോടെയാണിത്. വിളവെടുപ്പ് കാലത്തോട് ഏറ്റവും അടുത്ത് വരുന്ന പൗർണമിയാണ് ഹാർവെസ്റ്റ് മൂൺ. ഈ വർഷത്തെ ശരത്കാല വിഷുവം (Autumn Equinox) സെപ്റ്റംബർ 22-നായിരുന്നു. രാത്രി വൈകിയും വിളവെടുപ്പ് ജോലികൾ ചെയ്യുന്ന കർഷകർക്ക് വെളിച്ചം നൽകിയിരുന്നതിനാലാണ് വടക്കേ അമേരിക്കൻ ഗോത്രവർഗ്ഗക്കാർ ഈ പൂർണ്ണചന്ദ്രന് 'ഹാർവെസ്റ്റ് മൂൺ' എന്ന് പേര് നൽകിയത്.
ഈ പൗർണമി ഒരു 'സൂപ്പർമൂൺ' കൂടിയായിരിക്കും. അതിനാൽ, സാധാരണ പൗർണമിയേക്കാൾ വലുതും കൂടുതൽ തിളക്കമുള്ളതുമായി ഇതിനെ കാണാൻ സാധിക്കും. ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനമായ 'പെരിജി'യിൽ (Perigee) എത്തുന്നത് ഈ സമയത്താണ്. ഏകദേശം 3,60,000 കിലോമീറ്റർ ദൂരത്തായിരിക്കും ചന്ദ്രൻ ഭൂമിയോട് അടുത്തെത്തുക.
ഇത് ചന്ദ്രന് അസാധാരണമായ ശോഭ നൽകുമെന്ന് ബഹ്‌റൈനിലെ വാനനിരീക്ഷണ ഗവേഷകൻ മുഹമ്മദ് റിദ അൽ അസ്‌ഫൂർ അറിയിച്ചു. അടുത്ത മാസം ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥാനത്തേക്ക് മാറുന്നത് ഇതിന് വിപരീതമായ കാഴ്ചയായിരിക്കും സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂപ്പർ ഹാർവെസ്റ്റ് മൂൺ തിങ്കളാഴ്ച വൈകീട്ട് 4.48-ന് ഉദിക്കും. ചൊവ്വാഴ്ച രാവിലെ 5.34 വരെ ഇത് രാത്രി മുഴുവൻ ദൃശ്യമാകും. ചൊവ്വാഴ്ച പുലർച്ചെ 6.47-നാണ് ചന്ദ്രൻ ഏറ്റവും കൂടുതൽ ശോഭയിൽ എത്തുക.
കൂടാതെ, ചൊവ്വാഴ്ച വൈകീട്ട് 5.24-ന് ചന്ദ്രൻ വീണ്ടും ഉദിക്കുമെന്നതിനാൽ അന്നും ഈ ആകാശവിസ്മയം കാണാൻ അവസരമുണ്ടാകും. ചക്രവാളത്തോട് ചേർന്ന്, ചന്ദ്രൻ ഉദിക്കുന്നതും അസ്തമിക്കുന്നതുമായ സമയങ്ങളിൽ, വലുപ്പം കൂടുതലായി തോന്നുമെന്നും കൂടുതൽ സൗന്ദര്യമുള്ളതായി കാണാമെന്നും അൽ അസ്‌ഫൂർ അറിയിച്ചു. ഈ അസുലഭ കാഴ്ച ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം വാനനിരീക്ഷണപ്രേമികളോട് അഭ്യർഥിച്ചു
Super Harvest Moon in Bahrain: Will appear brighter tonight