ഫുജൈറ: (gccnews.in) എമിറേറ്റിലെ അൽഹൈല്‍ മേഖലയിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ എമിറേറ്റിലെ ആദ്യത്തെ പൂർണമായും ഡിജിറ്റൽ സംവിധാനങ്ങൾ സജ്ജീകരിച്ച സ്മാർട്ട് സിറ്റി പണി പൂര്‍ത്തിയായതായി ഫുജൈറ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.
നഗരം പൂർണസമയവും നിരീക്ഷണ കാമറ സംവിധാനങ്ങള്‍ വഴി പൊലീസ് കമാൻഡിന്റെ ഓപറേഷൻ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മോണിറ്ററിങ് സംവിധാനത്തിലൂടെ സ്മാർട്ട് സിസ്റ്റവുമായി ബന്ധിപ്പിച്ച് സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പ്രവേശന കവാടങ്ങളും നഗരത്തിനുള്ളിലെ റോഡുകളുമെല്ലാം വിപുലമായ കാമറകൾ വഴി ബന്ധിപ്പിച്ചിട്ടുണ്ട്.
എമിറേറ്റിലെ മറ്റു മേഖലകളിലേക്കും സ്മാർട്ട് സിറ്റി പദ്ധതി വ്യാപിപ്പിക്കുമെന്ന് പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു. 20 പൊതു പാർക്കുകളുള്ള ശൈഖ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ഏഴായിരത്തിലധികം ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന 1,100 വീടുകൾ പണിപൂര്‍ത്തിയായിട്ടുണ്ട്. വൈദ്യുതി ഉപഭോഗം ലാഭിക്കുന്നതിന് തെരുവുകളിലും പാര്‍ക്കുകളിലും എല്‍.ഇ.ഡി സംവിധാനങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.
#Emirate's #firstsmartcity #completed

































