ദുബായ്: ( gcc.truevisionnews.com ) ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഡ്രൈവറില്ലാ റോബോ ടാക്സി സേവനങ്ങളുടെ ആദ്യഘട്ട വ്യാപനത്തിനായി നഗരത്തിലെ രണ്ട് പ്രധാന മേഖലകളിലായി 65 കേന്ദ്രങ്ങൾ ആർടിഎ അനുവദിച്ചു.
ഒന്നാം സോണിലെ 17 സ്ഥലങ്ങളും രണ്ടാം സോണിലെ 48 സ്ഥലങ്ങളുമാണ് സ്വയം നിയന്ത്രിത ടാക്സികൾക്കായി നീക്കിവച്ചിരിക്കുന്നത്. ദുബായിൽ ഓട്ടോണമസ് ടാക്സി പ്രവർത്തനങ്ങൾക്കായി ഇതുവരെ നടപ്പിലാക്കിയതിൽ വെച്ച് ഏറ്റവും വിപുലമായ മാപ്പിങ് സംവിധാനമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
ചൈനീസ് കമ്പനിയായ ബൈദു അപ്പോളോ ഗോയുടെ ഓട്ടോണമസ് വെഹിക്കിൾ ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്റർ കഴിഞ്ഞ വ്യാഴാഴ്ച ദുബായ് സയൻസ് പാർക്കിൽ പ്രവർത്തനമാരംഭിച്ചു. ചൈനയ്ക്ക് പുറത്ത് ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമാണിത്. റോബോ ടാക്സികളുടെ അറ്റകുറ്റപ്പണി, ചാർജിങ്, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, സുരക്ഷാ നിരീക്ഷണം എന്നിവ ഈ കേന്ദ്രം വഴിയാകും നിയന്ത്രിക്കുക.
സുരക്ഷാ ഡ്രൈവർമാരില്ലാതെ പൂർണ്ണമായും സ്വയം നിയന്ത്രിതമായി വാഹനങ്ങൾ നിരത്തിലിറക്കാൻ ആർടിഎയിൽ നിന്ന് അപ്പോളോ ഗോയ്ക്ക് പ്രത്യേക അനുമതിയും ലഭിച്ചിട്ടുണ്ട്. 2026ന്റെ ആദ്യ പാദത്തിൽ എമിറേറ്റിലുടനീളം വാണിജ്യ അടിസ്ഥാനത്തിൽ ഓട്ടോണമസ് റൈഡ്-ഹെയ്‌ലിങ് സേവനം ആരംഭിക്കാനാണ് പദ്ധതി.
വരും വർഷങ്ങളിൽ വാഹനങ്ങളുടെ എണ്ണം ആയിരത്തിലധികമായി വർധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. 2025 മാർച്ചിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ജുമൈറ, ദുബായ് സിലിക്കൺ ഒയാസിസ് തുടങ്ങിയ ഇടങ്ങളിൽ ഇതിനോടകം തന്നെ വിവിധ ഘട്ടങ്ങളിലായി പരീക്ഷണ ഓട്ടങ്ങൾ പൂർത്തിയാക്കിയിരുന്നു. നിലവിലെ പരീക്ഷണങ്ങൾ വിജയകരമാകുന്നതോടെ ഈ വർഷം ആദ്യ പകുതിയോടെ തന്നെ ദുബായിലെ നിരത്തുകളിൽ ഡ്രൈവറില്ലാ ടാക്സികൾ സാധാരണ കാഴ്ചയാകും.
Dubai RTA prepares for revolutionary change Dubai RTA approves 65 centers for driverless robo-taxi services




























