അബുദാബി: ( gcc.truevisionnews.com ) ഡിജിറ്റൽ ഇടങ്ങളിലെ ചതിക്കുഴികൾക്കെതിരെ പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപാർട്ട്‌മെന്റ് (എസ്എസ്ഡി). അപരിചിതമായ സന്ദേശങ്ങളിലും ലിങ്കുകളിലും വീഴരുതെന്നും ഇവ ഇരകളെ ചൂഷണം ചെയ്യാനായി ഒരുക്കുന്ന കെണികളാകാമെന്നും അധികൃതർ വ്യക്തമാക്കി.
വ്യക്തിഗത സുരക്ഷയ്ക്കും സമൂഹത്തിന്റെ സുസ്ഥിതിക്കും ഡിജിറ്റൽ ബോധവൽക്കരണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ സുരക്ഷാ വകുപ്പ്, ഓൺലൈൻ ഭീഷണികളെയും ബ്ലാക്ക്‌മെയിലിങ്ങിനെയും പ്രതിരോധിക്കാൻ 'ഡിജിറ്റൽ അവബോധം ഒരു കവചമായി' ഉപയോഗിക്കണമെന്ന് ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ആളുകളെ ഭീഷണിപ്പെടുത്തുന്നവർക്കും പണം തട്ടാൻ ശ്രമിക്കുന്നവർക്കും കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. വിവരസാങ്കേതിക വിദ്യയോ ഇന്റർനെറ്റ് ശൃംഖലയോ ഉപയോഗിച്ച് ഒരാളെ ബ്ലാക്ക്‌മെയിൽ ചെയ്യുകയോ അനാവശ്യ കാര്യങ്ങൾക്കായി നിർബന്ധിക്കുകയോ ചെയ്യുന്നത് തെളിയിക്കപ്പെട്ടാൽ രണ്ട് വർഷം വരെ തടവും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം.
എന്നാൽ ഭീഷണി ഒരു കുറ്റകൃത്യം ചെയ്യുന്നതിനോ വ്യക്തിയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്ന രീതിയിലോ ആണെങ്കിൽ ശിക്ഷയുടെ കാഠിന്യം കൂടും. ഇത്തരം സാഹചര്യങ്ങളിൽ പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് ഓർമിപ്പിച്ചു.
ഓൺലൈൻ ഇടങ്ങളിൽ എപ്പോഴും ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും നിർദ്ദേശിച്ചു. ഏതെങ്കിലും തരത്തിലുള്ള ബ്ലാക്ക്‌മെയിലിങ്ങിന് ഇരയായാൽ ഭയപ്പെടാതെ ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളെ വിവരമറിയിക്കണം. ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പൊതുജനങ്ങളുടെ ജാഗ്രതയും സഹകരണവും അത്യാവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
Online threats and blackmail are widespread; UAE State Security urges vigilance


































