Jan 10, 2026 03:11 PM

ദുബൈ: (https://gcc.truevisionnews.com/) യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച പുലർച്ചെ മുതൽ ശക്തമായ മഴ തുടരുന്നു. കിഴക്കൻ മേഖലയിൽ നിന്നുള്ള ന്യൂനമർദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉയർന്ന മർദ്ദവും ഒത്തുചേർന്നതാണ് കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റത്തിന് കാരണമായതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്തിന്‍റെ കിഴക്കൻ തീരങ്ങളിലും വടക്കൻ പ്രദേശങ്ങളിലും മിതമായതും ശക്തവുമായ മഴയാണ് പെയ്തത്. ശനിയാഴ്ച രാവിലെ ഫുജൈറയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഇതിൽ അൽ അഖ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

വടക്കൻ മേഖലകളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെട്ടിട്ടുള്ളതിനാൽ ഇന്നും മഴ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയോടും ഞായറാഴ്ച പുലർച്ചെയോടും കൂടി രാജ്യത്ത് ഈർപ്പത്തിന്‍റെ അളവ് വർദ്ധിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച പുലർച്ചെ 3:30 മുതൽ രാവിലെ 10 മണി വരെ രാജ്യത്തിന്‍റെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും കടുത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. എന്നാൽ ചില സമയങ്ങളിൽ കാറ്റിന്‍റെ വേഗത കൂടാൻ സാധ്യതയുണ്ട്.

അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവേ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ റിപ്പോർട്ട് സൂചിപ്പിക്കുന്നു. അധികൃതർ നൽകുന്ന ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മോശം കാലാവസ്ഥയുള്ളപ്പോൾ യാത്രകളിൽ ജാഗ്രത പുലർത്തണമെന്നും ദുബൈ പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങൾ അറിയിച്ചു.







Authorities issue weather warnings for heavy rain in many parts of the UAE

Next TV

Top Stories