അബൂദബി: ( gcc.truevisionnews.com ) പ്രായപൂർത്തിയാകുന്നതിനുള്ള പരിധി കുറച്ച് യു.എ.ഇ സിവിൽ നിയമങ്ങളിൽ വിപ്ലവാത്മക പരിഷ്കാരം പ്രാബല്യത്തിൽ. നേരത്തെ ചാന്ദ്ര വർഷം (ലൂണാർ കലണ്ടർ) കണക്കാക്കി 21 വയസ്സായിരുന്നു പ്രായ പരിധി. ഇനി മുതൽ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 18 വയസ്സായിരിക്കും.
രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കാനും രാജ്യാന്തര നിയമ വ്യവസ്ഥകൾക്ക് വിധേയമായി ഗതാഗത- തൊഴിൽ നിയമങ്ങളിൽ ഏകീകരണം കൊണ്ടു വരുന്നതിനുമാണ് ഈ സുപ്രധാന നീക്കം. ഇതോടെ, 18 വയസ് തികയുന്നവർക്ക് നിയമപരമായി പൂർണ ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറാൻ സാധിക്കും.
സാമ്പത്തിക രംഗത്തും യുവാക്കൾക്ക് വലിയ ഇളവുകളാണ് പുതിയ നിയമം വാഗ്ദാനം ചെയ്യുന്നത്. ബിസിനസ് കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാനായി കോടതിയുടെ അനുമതി തേടാനുള്ള പ്രായം 15 വയസ്സായി കുറച്ചു. സംരംഭകത്വ മേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കാൻ ഇത് സഹായകമാകും. കരാറുകളിൽ ഏർപ്പെടുന്നതിന് മുൻപ് സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിബന്ധന കർശനമാക്കിയതിലൂടെ വഞ്ചനകൾ ഒഴിവാക്കാനും വ്യക്തികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും നിയമം ലക്ഷ്യമിടുന്നു.
നീതി നിർവഹണ രംഗത്തും കോടതികൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ പരിഷ്കാരം. നിയമത്തിൽ നേരിട്ട് പരാമർശമില്ലാത്ത കേസുകളിൽ ഇസ്‌ലാമിക ശരീഅഃ തത്ത്വങ്ങൾക്കനുസരിച്ച് നീതിപൂർവകമായ വിധി പുറപ്പെടുവിക്കാൻ ജഡ്ജിമാർക്ക് സാധിക്കും. മരണമോ പരുക്കോ സംഭവിക്കുന്ന കേസുകളിൽ ബ്ലഡ് മണിക്ക് (ദിയാ ധനം) പുറമെ, അധിക നഷ്ടപരിഹാരം അനുവദിക്കാനും പുതിയ നിയമം അനുമതി നൽകുന്നുണ്ട്.
കൂടാതെ, അവകാശികളില്ലാതെ മരിക്കുന്ന വിദേശികളുടെ ആസ്തികൾ പൊതുസേവന പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുകയാണ്.
Important decision in UAE Age of majority now 18 years


































