#Dubai Emirates Road Accident #Burjeel Chief #Financial Assistance
ദുബായ് : (https://gcc.truevisionnews.com/) ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും താങ്ങായി പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ഷംഷീർ വയലിൽ.
അപകടത്തിൽ മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങളുടെ പുനരധിവാസത്തിനായി 2.6 കോടി രൂപയുടെ (1.2 ദശലക്ഷം ദിർഹം) ധനസഹായ പാക്കേജാണ് ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ചത്. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നുണ്ട്.
അപകടത്തിൽ ജീവൻ പൊലിഞ്ഞ ആറ് ഇന്ത്യക്കാരടക്കം ഏഴ് പേരുടെ കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ വീതവും രണ്ട് മലയാളികൾ ഉൾപ്പെടെ പരുക്കേറ്റ ഒൻപത് പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങൾക്കായി 47 ലക്ഷം രൂപയും നൽകും.
ഇതിനുപുറമെ, അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങൾക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവർക്ക് അടിയന്തര ആശ്വാസം നൽകുന്നതിനൊപ്പം, അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഈ സമഗ്ര പാക്കേജ് രൂപകൽപന ചെയ്തിരിക്കുന്നത്. ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് അവരുടെ ദീർഘകാല ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.
ദുബായ് ആസ്ഥാനമായുള്ള കമ്പനിയിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന മിനിബസാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാർ മൂലം റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ മിനി ബസിടിച്ചായിരുന്നു അപകടം. ഇന്ത്യ, ശ്രീലങ്ക സ്വദേശികളായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
Content Highlight: Dubai Emirates Road Accident: Burjeel Chief Announces Financial Assistance
#Dubai Emirates Road Accident #Burjeel Chief #Financial Assistance






























