ദുബായ്: (gcc.truevisionnews.com) പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത യുദ്ധസാഹചര്യ കണക്കിലെടുത്ത് ഇറാൻ പൗരന്മാർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തി. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളാണ് ബുധനാഴ്ച തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഈ സുപ്രധാന വിവരം പുറത്തുവിട്ടത്.
പുതിയ നിയന്ത്രണമനുസരിച്ച് ഇറാൻ പൗരന്മാർക്ക് യുഎഇയിലേക്ക് വരുന്നതിനോ ഇവിടം വഴി മറ്റ് രാജ്യങ്ങളിലേക്ക് ട്രാൻസിറ്റ് ചെയ്യുന്നതിനോ അനുമതിയുണ്ടാവില്ല. എന്നാൽ യുഎഇയുടെ പത്തുവർഷത്തെ താമസവിസയായ 'ഗോൾഡൻ വിസ' കൈവശമുള്ള ഇറാനികൾക്ക് ഈ വിലക്കിൽ നിന്നും ഇളവ് അനുവദിച്ചിട്ടുണ്ട്.
വിമാനക്കമ്പനികൾ ഈ നിയന്ത്രണങ്ങൾ പരസ്യപ്പെടുത്തിയെങ്കിലും സർക്കാർ തലത്തിൽ ഇതിനെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. അതേസമയം, യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഫുജൈറയിൽ ഒരു പ്രവാസി കൊല്ലപ്പെട്ടു.
ഫുജൈറയുടെ ആകാശപരിധിയിൽ കണ്ടെത്തിയ അജ്ഞാത ഡ്രോൺ തകർക്കുന്നതിനിടെ അതിന്റെ അവശിഷ്ടങ്ങൾ അൽ-രിഫാ മേഖലയിലെ ഒരു കൃഷിയിടത്തിലേക്ക് പതിക്കുകയായിരുന്നു. ഈ അപകടത്തിലാണ് അവിടെയുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശി മരണപ്പെട്ടതെന്ന് ഫുജൈറ ഗവൺമെന്റ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.
സംഭവസ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ടെന്നും നിലവിൽ പ്രദേശം സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ, ഈ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴിയും മറ്റും ഭീതി പടർത്തുന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Iranian citizens banned from entering the country


































