---
title: "സൗദിയിൽ ഗാർഹിക തൊഴിലാളി നിയമം പരിഷ്കരിക്കുന്നു; ജോലി സമയം പത്ത് മണിക്കൂറായി പരിമിതപ്പെടുത്തി"
english_title: "Maximum working hours in Saudi Arabia are 10 hours."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350960/Maximum-working-hours-in-Saudi-Arabia-are-10-hours"
published_at: "2026-04-01T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccdf3de5e4a_18.jpg"
keywords: []
---

# സൗദിയിൽ ഗാർഹിക തൊഴിലാളി നിയമം പരിഷ്കരിക്കുന്നു; ജോലി സമയം പത്ത് മണിക്കൂറായി പരിമിതപ്പെടുത്തി

> **Lead Summary:** **റിയാദ്: [** സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു.

## Article Content

**റിയാദ്: [** സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു.

റിക്രൂട്ട്‌മെന്റ് നടപടികൾ സുതാര്യമാക്കാനും തൊഴിലാളികൾ നേരിടുന്ന ചൂഷണം തടയാനും ലക്ഷ്യമിട്ട് മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം 'ഇസ്തിലാ' പ്ലാറ്റ്‌ഫോം വഴിയാണ് പുതിയ കരട് നിയമം പുറത്തിറക്കിയത്.

പുതിയ പരിഷ്കാരമനുസരിച്ച് 21 വയസ്സിൽ താഴെയുള്ളവരെ ഗാർഹിക ജോലികൾക്കായി നിയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. തൊഴിൽ കരാറുകൾ നിർബന്ധമായും അറബി ഭാഷയിലായിരിക്കണം എന്നതിനൊപ്പം തൊഴിലാളിക്ക് മനസ്സിലാകുന്ന മാതൃഭാഷയിലുള്ള വിവർത്തനവും കരാറിൽ ഉൾപ്പെടുത്തണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

കൃത്യമായ കാലാവധി രേഖപ്പെടുത്താത്ത കരാറുകൾ ഒരു വർഷത്തേക്ക് സ്വയം പുതുക്കപ്പെടുന്നതായി കണക്കാക്കും. കൂടാതെ, തൊഴിലാളിയുടെ പ്രൊഫഷണൽ കഴിവും പെരുമാറ്റവും വിലയിരുത്തുന്നതിനായി 90 ദിവസത്തെ പ്രൊബേഷൻ കാലയളവും നിശ്ചയിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ജോലി സമയം ദിവസേന പരമാവധി 10 മണിക്കൂറായി പരിമിതപ്പെടുത്തി എന്നതാണ് പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഓരോ അഞ്ച് മണിക്കൂർ ജോലിക്ക് ശേഷവും ചുരുങ്ങിയത് അരമണിക്കൂർ വിശ്രമം നൽകണമെന്നും തുടർച്ചയായ എട്ട് മണിക്കൂർ രാത്രി വിശ്രമം ഉറപ്പാക്കണമെന്നും നിയമം അനുശാസിക്കുന്നു.

ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ അവധിക്ക് തൊഴിലാളിക്ക് അർഹതയുണ്ടാകും. അധികമായി ചെയ്യുന്ന ജോലിക്ക് പ്രത്യേക വേതനം നൽകണം. ശമ്പളം മന്ത്രാലയം അംഗീകരിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമേ നൽകാവൂ എന്നും ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വർഷത്തിൽ 30 ദിവസം വരെ ശമ്പളത്തോടുകൂടിയ സിക് ലീവിനും തൊഴിലാളികൾക്ക് അർഹതയുണ്ടാകും. കരാർ ലംഘനം നടത്തിയാലോ തൊഴിലാളിയെ മർദ്ദനത്തിനോ പീഡനത്തിനോ ഇരയാക്കിയാലോ തൊഴിലാളിക്ക് നിയമപരമായി കരാർ അവസാനിപ്പിക്കാൻ സാധിക്കും.

അതേസമയം, തൊഴിലാളി മനഃപൂർവ്വം സാമ്പത്തിക നഷ്ടമുണ്ടാക്കിയാൽ ആനുകൂല്യങ്ങൾ ഇല്ലാതെ പിരിച്ചുവിടാൻ തൊഴിലുടമയ്ക്കും അധികാരമുണ്ട്. നിയമവിരുദ്ധമായി കരാർ അവസാനിപ്പിച്ചാൽ രണ്ട് മാസത്തെ ശമ്പളം വരെ നഷ്ടപരിഹാരമായി നൽകേണ്ടി വരും.

തൊഴിൽ തർക്കങ്ങൾ ഉണ്ടായാൽ ആദ്യം മന്ത്രാലയത്തിന് കീഴിലുള്ള അനുരഞ്ജന സമിതിയിലാണ് പരാതി നൽകേണ്ടത്. അവിടെ പരിഹാരമായില്ലെങ്കിൽ മാത്രമേ ലേബർ കോടതിയെ സമീപിക്കാവൂ. തൊഴിലാളി മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് തൊഴിലുടമ വഹിക്കണമെന്നും പുതിയ നിയമാവലിയിൽ വ്യക്തമാക്കുന്നു.

സൗദിയിലെ ലക്ഷക്കണക്കിന് പ്രവാസി ഗാർഹിക തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ പരിഷ്കാരങ്ങൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350960/Maximum-working-hours-in-Saudi-Arabia-are-10-hours)