ദുബായ്: (gcc.truevisionnews.com) യുഎഇയിലെയും നാട്ടിലെയും സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ മാളിക (53) അന്തരിച്ചു. അസുഖബാധിതനായി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രവാസി സമൂഹത്തിന്റെ വേദനകളിൽ എന്നും സാന്ത്വനമായിരുന്ന അദ്ദേഹം കാസർകോട് കുമ്പള സ്വദേശിയാണ്.
ദുബായിൽ അൽ ജബീൻ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഷാഹുൽ ഹമീദ് തങ്ങൾ, കെഎംസിസിയുടെ മുൻ ഭാരവാഹിയായും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ട്രഷററായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസലോകത്തെ ഓരോ മലയാളിയുടെയും കണ്ണീരൊപ്പാൻ നിശബ്ദമായി ഓടിയെത്തിയിരുന്ന അദ്ദേഹം, പ്രത്യേകിച്ച് മഞ്ചേശ്വരം മണ്ഡലം കെഎംസിസി കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
സാധാരണക്കാരായ പ്രവാസികൾക്ക് എന്നും ഒരു അഭയകേന്ദ്രമായിരുന്ന അദ്ദേഹത്തിന്റെ സ്നേഹനിർഭരമായ ഇടപെടലുകൾ എന്ന് ദുബായ് കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി പറഞ്ഞു. പരേതനായ കുമ്പള സയ്യിദ് മുഹമ്മദ് തങ്ങൾ മാളിക-മൈമൂന ബീവി ദമ്പതികളുടെ മൂത്ത മകനാണ്. സയ്യിദത്ത് അസ്മാ ബീവിയാണ് ഭാര്യ. മക്കൾ: സയ്യിദ് ഇസ്മയിൽ, ഹാഷിർ സയ്യിദ് ഷമാസ്, മൈമൂനത് ഹംന. സഹോദരങ്ങൾ: സയ്യിദ് അലവി (കുവൈത്ത്), സയ്യിദ് താജുദ്ദീൻ മാളിക, സയ്യിദ് ബദ്റുദ്ദീൻ തങ്ങൾ (ദുബായ്). മൃതദേഹം കുമ്പോൽ ചെരിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
സയ്യിദ് ഷാഹുൽ ഹമീദ് തങ്ങളുടെ നിര്യാണത്തിൽ ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും അനുശോചിച്ചു. നിസ്വാർഥമായ സേവനങ്ങളിലൂടെയും സ്നേഹസമ്പന്നമായ പെരുമാറ്റത്തിലൂടെയും നാടിന്റെയും പ്രവാസലോകത്തിന്റെയും ഹൃദയത്തിൽ ഇടംനേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ ഭാരവാഹികൾ സ്മരിച്ചു.
Syed Shahul Hamid Thangal Malika passes away

































