---
title: "ഒറ്റയടിക്ക് 20 ദിർഹത്തിലേറെ വർധന; യുഎഇയിൽ സ്വർണവിലയിൽ അപ്രതീക്ഷിത കുതിപ്പ്"
english_title: "Unexpected jump in gold prices in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349640/unexpected-jump-in-gold-prices-in-the-uae"
published_at: "2026-03-25T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3a48ce5e21_gold.jpg"
keywords: []
---

# ഒറ്റയടിക്ക് 20 ദിർഹത്തിലേറെ വർധന; യുഎഇയിൽ സ്വർണവിലയിൽ അപ്രതീക്ഷിത കുതിപ്പ്

> **Lead Summary:** **ദുബായ്: ** രണ്ടാഴ്ചയായി തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന ദുബായ് വിപണിയിലെ സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് ഒറ്റയടിക്ക് 20 ദിർഹത്തിലേറെയാണ് ബുധനാഴ്ച രാവിലെ വർധിച്ചത്. മാർച്ചിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് എത്തിയ ശേഷമാണ് വിപണി അപ്രതീക്ഷിതമായി തിരിച്ചു കയറിയത്.

## Article Content

**ദുബായ്: ** രണ്ടാഴ്ചയായി തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന ദുബായ് വിപണിയിലെ സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് ഒറ്റയടിക്ക് 20 ദിർഹത്തിലേറെയാണ് ബുധനാഴ്ച രാവിലെ വർധിച്ചത്. മാർച്ചിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് എത്തിയ ശേഷമാണ് വിപണി അപ്രതീക്ഷിതമായി തിരിച്ചു കയറിയത്.

ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 550 ദിർഹമായി ഉയർന്നു. ചൊവ്വാഴ്ച ഇത് 528.50 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണവില ഗ്രാമിന് 489.25 ദിർഹത്തിൽ നിന്ന് 509.50 ദിർഹമായും ഉയർന്നു. രണ്ടാഴ്ചയോളമായി വില കുറയുന്ന പ്രവണത കണ്ടതോടെ കൂടുതൽ ഇടിവ് പ്രതീക്ഷിച്ച് കാത്തിരുന്ന ഉപയോക്താക്കളെ ഞെട്ടിക്കുന്നതായിരുന്നു ഈ പെട്ടെന്നുള്ള മാറ്റം.

മാർച്ച് ആദ്യവാരം 620 ദിർഹത്തിന് മുകളിലായിരുന്ന സ്വർണവില മാർച്ച് പകുതിയോടെയാണ് താഴേക്ക് പോകാൻ തുടങ്ങിയത്. കഴിഞ്ഞ 14 ദിവസമായി തുടർച്ചയായി വില കുറഞ്ഞതോടെ സ്വർണം ഗ്രാമിന് 500 ദിർഹത്തിന് താഴേക്ക് പോകുമെന്നായിരുന്നു നിഗമനം. എന്നാൽ രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വില വീണ്ടും ഉയരാൻ കാരണമായത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,600 ഡോളർ കടന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളിൽ മാറ്റമുണ്ടാകുമെന്ന സൂചനകളും അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണത്തിന് കരുത്തായത്.

വരും ദിവസങ്ങളിലും വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന. അതുകൊണ്ട് തന്നെ ആരും നിലവിൽ സ്വർണം വാങ്ങാൻ വലിയ താത്പര്യം കാണിക്കാതെ കാത്തിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349640/unexpected-jump-in-gold-prices-in-the-uae)