അബുദാബി: ( gcc.truevisionnews.com ) യുഎഇയിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുകയാണെന്ന് റിപ്പോർട്ട്. വസന്തകാലത്തിന്റെ വരവറിയിച്ചുള്ള സരായാത് സീസൺ ആരംഭിച്ചതോടെയാണ് യുഎഇയിൽ മഴ കനക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മാർച്ച് പകുതി മുതൽ മേയ് ആദ്യവാരം വരെ നീണ്ടുനിൽക്കുന്ന കാലാവസ്ഥാ മാറ്റമാണ് സരായാത്. പെട്ടെന്നുണ്ടാകുന്ന ഇടിമിന്നൽ, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം എന്നിവ ഈ സീസണിൽ പ്രതീക്ഷിക്കാം. വരും ദിവസങ്ങളിലും കാലാവസ്ഥ പ്രതികൂലമാകും. മാർച്ച് 27വരെ സ്ഥിതി തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അൽ ദഫ്രയിൽ നിന്നാരംഭിച്ച മഴ ക്രമേണ അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലേയ്ക്ക് വ്യാപിച്ചിരിക്കുകയാണ്. ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലും മഴയെത്തിയിട്ടുണ്ട്. ഇന്ന് വടക്കുകിഴക്ക് മേഖലകളിലേയ്ക്കും തീരപ്രദേശങ്ങളിലേയ്ക്കും നീങ്ങാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രാത്രിയോടെ മഴയുടെ തീവ്രത കുറയാനും സാദ്ധ്യതയുണ്ട്.നാളെ രാവിലെ മഴയ്ക്ക് ചെറിയ ശമനമുണ്ടാകുമെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്രാപിക്കും.
ശേഷം വെള്ളിയാഴ്‌ചവരെ നീണ്ടുനിൽക്കും. പടിഞ്ഞാറൻ തീരങ്ങളിൽ ആരംഭിക്കുന്ന മഴ ഉൾനാടൻ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുമെന്നാണ് അറിയിപ്പ്. തുടർച്ചയായ മഴയ്ക്ക് പകരം ഇടവിട്ടുള്ള മഴയായിരിക്കും ലഭിക്കുകയെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അബുദാബിയിൽ പലഭാഗങ്ങളിലും ഇതിനോടകംതന്നെ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. റോഡുകളിൽ വെള്ളം കയറാൻ സാദ്ധ്യതയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
heavy rain and thunderstorm reported in uae




























