മനാമ: (gcc.truevisionnews.com) ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജെ.ഇ.ഇ പ്രവേശന പരീക്ഷ എഴുതാൻ പ്രാദേശികമായി പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പ്രവാസി സംഘടനയായ ബഹ്‌റൈൻ പ്രതിഭ. നിലവിൽ ബഹ്‌റൈനിൽ പരീക്ഷാ കേന്ദ്രമില്ലാത്തത് നൂറുകണക്കിന് വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു ഉന്നത പഠനത്തിനായി ജെ.ഇ.ഇ പരീക്ഷ എഴുതുന്നതിനായി കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് ഇതോടെ ആശങ്കയിലായത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിമാന സർവീസുകൾ പരിമിതമായതും ഉള്ള വിമാനങ്ങളിലെ ഉയർന്ന യാത്രാക്കൂലിയും നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിൽ ആക്കിയിരിക്കയാണ്.
ഈ പ്രത്യേക സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് അവസരമൊരുക്കുന്ന പ്രധാന പ്രവേശന പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ നൂറുകണക്കിന് കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെടുകയും അവരുടെ തയാറെടുപ്പുകൾ പാഴായി പോവുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ അധികൃതരുടെ ഇടപെടൽ ഉണ്ടാകണെമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതിയോട് ഇ-മെയിൽ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചതായി ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ അറിയിച്ചു.
Indian students in Bahrain in crisis

































