ദുബായ്: (gcc.truevisionnews.com) തട്ടിപ്പുകാരുടെ വ്യാജ പാർട്ട് ടൈം ജോലി വാഗ്ദാനങ്ങളിൽ വീഴരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. സമൂഹമാധ്യമം വഴിയും മെസേജിങ് ആപ്പുകൾ വഴിയും എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്.
ആകർഷകമായ വരുമാനം വാഗ്ദാനം ചെയ്ത് പരസ്യം നൽകിയ ശേഷം, ജോലിയിൽ പ്രവേശിക്കുന്നതിനായി റജിസ്ട്രേഷൻ ഫീസോ അക്കൗണ്ട് ആക്റ്റിവേഷൻ ചാർജോ നൽകണമെന്ന് ഇവർ ആവശ്യപ്പെടും. തട്ടിപ്പുകാർ ആവശ്യപ്പെടുന്ന പണം നൽകുന്നതിന് പുറമെ, വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇവർക്ക് നൽകുന്നത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കും.
ഇത്തരക്കാരുടെ കെണിയിൽ വീണാൽ പലപ്പോഴും ഇരകളുടെ ബാങ്ക് അക്കൗണ്ടുകൾ അവരുടെ അറിവില്ലാതെ തന്നെ സംശയകരമായ അല്ലെങ്കിൽ നിയമവിരുദ്ധമായ ഇടപാടുകൾക്കായി ഉപയോഗിക്കപ്പെടാം. ഇത് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് വലിയ നിയമക്കുരുക്കുകൾക്ക് കാരണമാകുമെന്ന് പൊലീസ് ഓർമിപ്പിച്ചു.
നിയമപരമായ തൊഴിൽ നൽകുന്ന കമ്പനികളൊന്നും തന്നെ നിയമനത്തിന്റെ പേരിൽ അപേക്ഷകരിൽ നിന്ന് പണം ഈടാക്കാറില്ലെന്ന് ദുബായ് പൊലീസിന്റെ #ബിവേർ ഓഫ് ഫ്രോഡ് ക്യാംപെയിനിന്റെ ഭാഗമായി അധികൃതർ വ്യക്തമാക്കി. അജ്ഞാതരായ വ്യക്തികളുമായി വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ പങ്കുവയ്ക്കരുതെന്നും തൊഴിൽ വാഗ്ദാനങ്ങൾക്കായി ആർക്കും പണം കൈമാറരുതെന്നും മുന്നറിയിപ്പ് നൽകുന്നു.
ഇത്തരം തട്ടിപ്പുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ, ഡിജിറ്റൽ ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ ഇ-ക്രൈം (eCrime) പ്ലാറ്റ്ഫോം വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിലോ ഉടൻ വിവരം അറിയിക്കാവുന്നതാണ്. ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിൽ ജനങ്ങളുടെ ജാഗ്രതയും അവബോധവുമാണ് ഏറ്റവും പ്രധാനമെന്നും പൊലീസ് വ്യക്തമാക്കി.
Dubai Police warns public against scam offering part-time jobs




























