മനാമ: (gcc.truevisionnews.com) ആറ് മാസത്തിൽ താഴെ മാത്രം പാസ്‌പോർട്ട് കാലാവധിയുള്ള ഇന്ത്യക്കാർക്ക് വലിയ ആശ്വാസവുമായി ഇന്ത്യൻ എംബസി. പാസ്‌പോർട്ട് കാലാവധി ആറ് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നൽകുന്ന പ്രത്യേക സേവനത്തിനാണ് എംബസി തുടക്കം കുറിച്ചിരിക്കുന്നത്.
സൗദി സന്ദർശക വിസയ്ക്കും ഉംറ വിസയ്ക്കും അപേക്ഷിക്കാൻ പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി വേണമെന്ന നിബന്ധന നിലവിലുണ്ട്. കാലാവധി തീരാറായ പാസ്‌പോർട്ടുകൾ കൈവശമുള്ള പ്രവാസികൾക്ക് പുതിയ വിസ നടപടികൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ ഈ തീരുമാനം വലിയ രീതിയിൽ സഹായകമാകും.
സൗദി അറേബ്യയിലേക്കുള്ള യാത്രയും വിസ നടപടികളും മുടങ്ങിനിൽക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഈ സംവിധാനം ആശ്വാസമാണ്. അപേക്ഷ നൽകി ഏകദേശം 24 മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാകും. ഒറിജിനൽ പാസ്‌പോർട്ട്, ബഹ്‌റൈൻ സി.പി.ആർ എന്നിവയുടെ പകർപ്പുകൾ ഇതിനായി നൽകണം. കുട്ടികളുടെ അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ രേഖകളും സമർപ്പിക്കണം.
നിലവിൽ കാലാവധിയുള്ളതും എന്നാൽ 6 മാസത്തിൽ താഴെ മാത്രം കാലാവധി ശേഷിക്കുന്നതുമായ പാസ്‌പോർട്ടുകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. പാസ്‌പോർട്ട് കാലാവധി പൂർണമായും അവസാനിച്ചവർക്ക് ഈ സേവനം ലഭ്യമാകില്ല. അവർ പുതിയ പാസ്‌പോർട്ടിന് തന്നെ അപേക്ഷിക്കേണ്ടതാണ്.
New facility to extend visa validity

































