അബുദാബി : ( gcc.truevisionnews.com ) യുഎഇയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന 12 ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികൾ അധികൃതർ പൂട്ടിച്ചു. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവും വിവിധ എമിറേറ്റുകളിലെ സാമ്പത്തിക വികസന വകുപ്പുകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്. പിടിയിലായ സ്ഥാപനങ്ങൾക്കെതിരെയുള്ള കേസുകൾ തുടർന്നുള്ള നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
രാജ്യത്തുടനീളമുള്ള 57 റിക്രൂട്ട്‌മെന്റ് ഓഫിസുകളിലായി കഴിഞ്ഞ ഒരു വർഷത്തിനിടെ മുന്നൂറോളം നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. ഇതിനു പുറമെ സമൂഹമാധ്യമങ്ങൾ വഴി ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ വാഗ്ദാനം ചെയ്ത് പരസ്യം നൽകിയ 230 അക്കൗണ്ടുകളും മന്ത്രാലയം പൂട്ടിച്ചു. നിയമപരമായ ചട്ടങ്ങൾ ലംഘിക്കുന്ന ഓഫിസുകളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കില്ലെന്നും സ്മാർട്ട് ഇൻസ്പെക്ഷൻ സംവിധാനങ്ങൾ വഴി നിരീക്ഷണം ശക്തമാണെന്നും മുന്നറിയിപ്പ് നൽകി.
റമസാൻ കാലത്ത് ഗാർഹിക തൊഴിലാളികൾക്കുള്ള ആവശ്യം വർധിക്കുന്നത് മുതലെടുത്ത് തട്ടിപ്പുകാർ സജീവമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അംഗീകൃത ഏജൻസികളിലൂടെ മാത്രം റിക്രൂട്ട്‌മെന്റ് നടത്താൻ ശ്രദ്ധിക്കണം. ഏജൻസികളുടെ വിശ്വാസ്യത പരിശോധിക്കാൻ 600590000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 80084 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ വിവരം അറിയിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
Fake recruitment agencies busted in UAE strict action taken against violators

































