[truevisionnews.com] മുൻകൂട്ടി തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിഞ്ഞാൽ പല ജീവനുകളും നമുക്ക് രക്ഷിക്കാൻ സാധിക്കും. എന്നാൽ പലപ്പോഴും ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ ശരീരത്തെ കാർന്നുതിന്നുന്ന ചില രോഗങ്ങൾ ഇന്ത്യയിൽ മരണനിരക്ക് വർധിപ്പിക്കുകയാണ്. അത്തരത്തിൽ രാജ്യം നേരിടുന്ന ഏറ്റവും മാരകമായ 7 രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ പറയുന്നവയാണ്.
രോഗങ്ങൾ മരണകാരണമാകുന്നത് എങ്ങനെ?
ഇന്ത്യയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് ജീവനുകളാണ് വിവിധ രോഗങ്ങൾ കവരുന്നത്. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്: രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, വൈകിയുള്ള ചികിത്സ, ജീവിതശൈലി.
നിശബ്ദ കൊലയാളികളായി മാറുന്ന ആ 7 രോഗങ്ങളെ തിരിച്ചറിയുന്നതിലൂടെയും കൃത്യമായ മുൻകരുതലുകൾ എടുക്കുന്നതിലൂടെയും നമുക്ക് ആരോഗ്യകരമായ ഒരു ജീവിതം ഉറപ്പാക്കാം.
ഹൃദയ സംബന്ധമായ അസുഖങ്ങൾ
ഇന്ത്യയിലെ മരണങ്ങളുടെ പ്രധാന കാരണം ഹൃദ്രോഗമാണ്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, വറുത്ത ഭക്ഷണങ്ങൾ, സമ്മർദ്ദം, വ്യായാമക്കുറവ് എന്നിവയാണ് കാരണങ്ങൾ. കൃത്യമായ പരിശോധന, ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ ജീവിതശൈലി എന്നിവയിലൂടെ ഇത് തടയാം. ശ്വാസംമുട്ടൽ, നെഞ്ചുവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ
ആസ്ത്മ, സിഒപിഡി പോലുള്ള രോഗങ്ങൾ ശ്വാസകോശത്തെ ദുർബലമാക്കുന്നു. മലിനീകരണം, പുക എന്നിവയാണ് പ്രധാന കാരണങ്ങൾ. ശ്വാസതടസ്സമാണ് പ്രാരംഭ ലക്ഷണം. കൃത്യസമയത്ത് ചികിത്സിച്ചാൽ ജീവിതം സാധാരണ നിലയിൽ മുന്നോട്ടു കൊണ്ടുപോകാം. അണുബാധ തടയാൻ കൈകൾ വൃത്തിയായി സൂക്ഷിക്കുക.
ക്ഷയരോഗം
ക്ഷയരോഗം പൂർണ്ണമായും ഭേദമാക്കാമെങ്കിലും ഇന്ത്യയിൽ ഇതൊരു മാരക രോഗമാണ്. ഇത് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ചികിത്സ വൈകുന്നതും മരുന്ന് കഴിക്കുന്നത് നിർത്തുന്നതുമാണ് പ്രധാന കാരണങ്ങൾ. മരുന്നിന്റെ കോഴ്‌സ് പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
പ്രമേഹം
പ്രമേഹം നേരിട്ട് മരണത്തിന് കാരണമാകില്ല, പക്ഷേ ഇത് ഹൃദയം, വൃക്ക, കണ്ണ്, ഞരമ്പുകൾ എന്നിവയെ തകരാറിലാക്കും. നിയന്ത്രിച്ചില്ലെങ്കിൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും. ചിട്ടയായ ജീവിതശൈലിയിലൂടെ പ്രമേഹം നിയന്ത്രിക്കാം.
കാൻസർ
ഇന്ത്യയിൽ കാൻസർ മരണങ്ങൾ വർധിച്ചുവരികയാണ്. രോഗികൾ ഡോക്ടറെ സമീപിക്കാൻ വൈകുന്നതാണ് ഇതിന് പ്രധാന കാരണം. പുകയില, മലിനീകരണം, അണുബാധ എന്നിവ കാൻസറിലേയ്ക്ക് നയിക്കും. നേരത്തെ കണ്ടെത്തിയാൽ കാൻസർ ചികിത്സിച്ച് ഭേദമാക്കാനും ജീവൻ രക്ഷിക്കാനും സാധിക്കും.
വയറിളക്ക രോഗം
കുട്ടികളിലും പ്രായമായവരിലും വയറിളക്കത്തിന് കാരണം മലിനജലം, ശുചിത്വമില്ലായ്മ, പോഷകാഹാരക്കുറവ് എന്നിവയാണ്. ഒആർഎസ് ലായനിയും ശുദ്ധജലവും കുടിക്കാൻ ശ്രദ്ധിക്കണം. ആവശ്യമായ മുൻകരുതലുകളെടുത്താൽ മിക്ക മരണങ്ങളും തടയാൻ സാധിക്കും. കുട്ടികളെ വയറിളക്കത്തിൽ നിന്ന് സംരക്ഷിക്കാൻ വീട്ടിൽ ശുചിത്വം പാലിക്കുക.
നവജാതശിശുക്കളിലെ പ്രശ്നങ്ങൾ
മാസം തികയാതെയുള്ള ജനനം, അണുബാധ, പ്രസവസമയത്തെ സങ്കീർണതകൾ എന്നിവ കാരണം പല നവജാതശിശുക്കളും ആദ്യ മാസത്തിനുള്ളിൽ തന്നെ മരിക്കുന്നു. ശരിയായ പ്രസവ സൗകര്യങ്ങളൊരുക്കിയും പരിചരണത്തിലൂടെയും ഈ മരണങ്ങൾ തടയാം.
എന്തെല്ലാം മാറ്റങ്ങൾ വരുത്താം?
ഈ രോഗങ്ങൾ മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ കൃത്യസമയത്തുള്ള പരിശോധന, ബോധവൽക്കരണം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രധാനമാണ്. രോഗലക്ഷണങ്ങളെ അവഗണിക്കരുത്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക.
7 'Silent Killer' Diseases






































