മസ്‌കറ്റ്: [gcc.truevisionnews.com] കേരള മാപ്പിള കലാ അക്കാദമി മസ്‌കറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക ലോഞ്ചിങ്ങും സാംസ്‌കാരിക നിശയായ 'മെഗാ ഷോ 2026'ഉം ജനുവരി രണ്ട് വെള്ളിയാഴ്ച നടക്കും. അൽ ഖൂദ് മിഡിൽ ഈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6:30-നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. അക്കാദമി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് എ.കെ. മുസ്തഫ, ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ എന്നിവർക്ക് പുറമെ മസ്‌കറ്റിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
ഒമാന്റെ 55-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഒരുക്കുന്ന പ്രത്യേക സംഗീത ശിൽപ്പമാണ് ഷോയുടെ പ്രധാന ആകർഷണം. സംഗീത സംവിധായകൻ സുനിൽ കൈതാരത്തിന്റെ നേതൃത്വത്തിൽ 55 ഗായകർ ഒരേസമയം വേദിയിൽ അണിനിരന്നാണ് ഈ മെഗാ ടൈറ്റിൽ സോങ് അവതരിപ്പിക്കുന്നത്.
പ്രശസ്ത ഗായകരായ കണ്ണൂർ ശരീഫ്,ആസിഫ് കാപ്പാട്, സിന്ധു പ്രേംകുമാർ തുടങ്ങിയ പ്രമുഖ കലാകാരന്മാർ മെഗാ ഷോയിൽ അണിനിരക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
വാർത്താ സമ്മേളനത്തിൽ നിസാം അണിയാരം (ചീഫ് കോർഡിനേറ്റർ), പി.എ.വി അബൂബക്കർ ഹാജി (രക്ഷാധികാരി), സിദ്ധീഖ് മങ്കട (ചെയർമാൻ), ഷമീർ കുഞ്ഞിപ്പള്ളി (കൺവീനർ), ഇസ്ഹാക് ചിരിയണ്ടൻ (ട്രഷറർ), മുനീർ മാസ്റ്റർ, നാസർ കണ്ടിയിൽ, ലുകുമാൻ കതിരൂർ എന്നിവർ പങ്കെടുത്തു.
Kerala Mappila Kala Akademi to Oman for mega show


































