അബുദാബി: ( gcc.truevisionnews.com ) ചൂണ്ടയിട്ടു നെയ്മീൻ പിടിച്ചു കോടികൾ സമ്മാനം നേടാൻ അൽദഫ്റ ഗ്രാൻഡ് കിങ്ഫിഷ് ചാംപ്യൻഷിപ് അവസരമൊരുക്കുന്നു. ജനുവരി മുതൽ മാർച്ച് വരെ നീളുന്ന മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് 20 ലക്ഷം ദിർഹം (4.89 കോടി രൂപ).
പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം മത്സരങ്ങളുണ്ട്. ചൂണ്ട ഉപയോഗിച്ചുള്ള പരമ്പരാഗത മീൻപിടിത്ത രീതി മാത്രമേ അനുവദിക്കൂ. ഏറ്റവും കൂടുതൽ ഭാരമുള്ള കിങ്ഫിഷ് പിടിക്കുന്നവരാണു വിജയികളാകുക. ജനറൽ കാറ്റഗറി, വനിതാ കാറ്റഗറി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി മൂന്നു വ്യത്യസ്ത സ്ഥലങ്ങളിലായാണു (സ്റ്റേഷനുകൾ) മത്സരം നടക്കുന്നത്.
യുഎഇ സ്വദേശികൾക്കും മലയാളികൾ ഉൾപ്പെടെ വിദേശികൾക്കും സന്ദർശകർക്കും മത്സരത്തിൽ പങ്കെടുക്കാം. മീൻപിടിത്തം അബുദാബി എമിറേറ്റിലെ നിശ്ചിത പരിധിക്കുള്ളിലായിരിക്കണം. മുൻവർഷങ്ങളിൽ വിജയികളുടെ പട്ടികയിൽ മലയാളികളും ഉണ്ടായിരുന്നു. ഓരോ ബോട്ടിലും ഒരാൾക്കു മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.
നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചു മീൻ പിടിക്കുന്നതിന്റെയും ഭാരം അളക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ സമർപ്പിക്കണം. യുഎഇയുടെ സമുദ്ര പൈതൃകം സംരക്ഷിക്കുന്നതിനും പരമ്പരാഗത മീൻപിടിത്ത രീതികൾ പ്രോത്സാഹിപ്പിക്കുകയുമാണു ലക്ഷ്യം.
kingfish fishing competition abu dhabi tournament

































