കുവൈത്ത് സിറ്റി:( gcc.truevisionnews.com ) കുവൈത്തിലെ വിവിധ മേഖലകളിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെയും സൈക്കിളുകളുടെയും ഉപയോഗം ക്രമീകരിക്കുന്നതിനായി പുതിയ നിയമാവലി രൂപീകരിക്കുന്നു. കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ അസ്ഫൂർ ആണ് ഇതുസംബന്ധിച്ച പ്രത്യേക സമിതി രൂപീകരിച്ച് ഉത്തരവിറക്കിയത്.
പൊതുനിരത്തുകളിൽ സ്കൂട്ടറുകൾ ഓടിക്കുന്നത് അപകടങ്ങൾക്കും തടസ്സങ്ങൾക്കും കാരണമാകുന്നു എന്ന പരാതികളെത്തുടർന്നാണ് ഈ നീക്കം. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മനാൽ അൽ അസ്ഫൂർ സമിതിക്ക് നേതൃത്വം നൽകും. വാണിജ്യ-വ്യവസായ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, ധനമന്ത്രാലയം, ടൂറിസം പ്രോജക്ട് കമ്പനി തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികൾ സമിതിയിലുണ്ടാകും.
അയൽരാജ്യങ്ങളിലും മറ്റ് വിദേശ രാജ്യങ്ങളിലും നിലവിലുള്ള സ്കൂട്ടർ-സൈക്കിൾ നിയമങ്ങൾ സമിതി പഠനവിധേയമാക്കും. സ്കൂട്ടർ, സൈക്കിൾ സേവനങ്ങൾ നൽകുന്ന കമ്പനികളിൽ നിന്ന് വാഹനങ്ങളുടെ വേഗത, വലിപ്പം, ലൈസൻസിംഗ് തുടങ്ങിയ വിവരങ്ങൾ സമിതി ശേഖരിക്കും.
സ്കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കാൻ അനുയോജ്യമായ റൂട്ടുകൾ നിശ്ചയിക്കും. വാഹനങ്ങൾക്കും അവ ഉപയോഗിക്കുന്നവർക്കും ലൈസൻസ് നിർബന്ധമാക്കുന്നത് പരിഗണിക്കും. നിലവിൽ കുവൈത്തിലെ പ്രധാന ഹൈവേകളിലും നടപ്പാതകളിലും ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പുതിയ നിയമാവലി വരുന്നതോടെ ഇവയുടെ ഉപയോഗം കൂടുതൽ വ്യവസ്ഥാപിതമാകും.
Kuwait to regulate electric scooters and bicycles



























