[gcc.truevisionnews.com] 2030 ഓടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതിക മേഖലകളിലെ വേഗമേറിയ വളർച്ചയുടെ ഫലമായി യുഎഇയിൽ ഏകദേശം 10.3 ലക്ഷം പുതിയ തൊഴിലാളികൾക്ക് ആവശ്യമുണ്ടാകുമെന്ന് പുതിയ റിപ്പോർട്ട്.
എന്റർപ്രൈസ് സോഫ്റ്റ്‌വെയർ സ്ഥാപനമായ സർവീസ്‌നൗയും വിദ്യാഭ്യാസ കമ്പനിയായ പിയേഴ്‌സണും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. എഐ മനുഷ്യരുടെ തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുന്നില്ല; മറിച്ച് ജോലി കൂടുതൽ കാര്യക്ഷമവും ലളിതവുമാക്കുന്ന ഉപാധിയായി മാറുകയാണെന്ന് പഠനം വ്യക്തമാക്കുന്നു.
സിസ്റ്റം അനലിസ്റ്റുകൾ, കംപ്യൂട്ടർ പ്രോഗ്രാമർമാർ, സെർച്ച് മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റുകൾ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ സാധ്യതകൾ തുറക്കപ്പെടുന്നത്. പതിവ് ജോലികൾ എഐ കൈകാര്യം ചെയ്യുമ്പോൾ മനുഷ്യർക്കു സൃഷ്‌ടിപരമായ ഉത്തരവാദിത്തങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
പുതിയ അവസരങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ ജീവനക്കാർക്ക് എഐയും അനുബന്ധ സാങ്കേതിക വിദ്യകളിലും പരിശീലനം അനിവാര്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
‘യുഎഇ നാഷനൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2031’ ലക്ഷ്യത്തിലേക്കുള്ള പ്രധാന മുന്നേറ്റമായാണ് ഈ മാറ്റങ്ങൾ വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ മുൻനിര എഐ ഹബ്ബായി യുഎഇയെ മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
തൊഴിൽ വളർച്ചയുടെ കാര്യത്തിൽ യുഎഇ (12.1%) ഇന്ത്യ (10.6%), യുകെ (2.8%), യുഎസ് (2.1%) എന്നിവയെക്കാൾ മുന്നിലാണ്. എണ്ണേതര സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ്, എൻവിഡിയ, ഓപ്പൺ എഐ തുടങ്ങിയ ആഗോള കമ്പനികളുമായി ചേർന്ന് യുഎഇ വൻ നിക്ഷേപങ്ങൾ നടത്തിവരുന്നു.
അബുദാബിയിൽ എഐ ഡാറ്റ സെന്ററുകൾക്കായി വലിയ ക്യാംപസുകൾ നിർമിക്കുന്നതും ഇതിന്റെ ഭാഗമാണ്. സാങ്കേതിക മാറ്റങ്ങളോട് ഒത്തുപോകുന്ന വിധത്തിൽ തൊഴിലാളികൾക്ക് പുതുതായി പരിശീലനം നൽകുകയാണെങ്കിൽ യുഎഇയുടെ സാമ്പത്തിക വളർച്ച ഇനിയും വേഗത്തിലാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
10.3 lakh new job opportunities


































