ദുബൈ: (gcc.truevisionnews.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ അശ്ലീല പ്രവൃത്തികളിലേക്ക് പ്രലോഭിപ്പിച്ചതിന് ദുബൈയിൽ ഒരാൾക്ക് 5,000 ദിർഹം പിഴ ചുമത്തി. പ്രതിയുടെ മൊബൈൽ ഫോൺ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു. ഏഷ്യൻ പൗരനാണ് ശിക്ഷ ലഭിച്ചത്.
ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ ശിക്ഷാവിധി പിന്നീട് അപ്പീൽ കോടതി ശരിവക്കുകയായിരുന്നു. അന്താരാഷ്ട്ര ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് കുറ്റകൃത്യം കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് സംഭവം പുറത്തുവന്നത്.
ദുബൈ നിവാസിയായ ഒരാൾ പ്രായപൂർത്തിയാകാത്ത ഒരാളുമായി അനുചിതമായ ഓൺലൈൻ ആശയവിനിമയത്തിൽ ഏർപ്പെടുന്നുണ്ടെന്ന് യുഎസ്സിലെ ഇന്റർനാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ സെന്റർ യുഎഇ അധികൃതരെ അറിയിച്ചതോടെയാണിത്. പ്രതി ഒരു പെൺകുട്ടിക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചതായി ചൈൽഡ് പ്രൊട്ടക്ഷൻ സെന്റർ അറിയിച്ചു.
ഫോൺ സംഭാഷണത്തിലൂടെ അശ്ലീല പ്രവൃത്തികൾ ചെയ്യാൻ അവളെ പ്രേരിപ്പിക്കുകയായിരുന്നുവെന്നും മുന്നറിയിപ്പിൽ പറഞ്ഞു. തുടർന്ന് സൈബർ ക്രൈം ടീം ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പ്രതിയെ കണ്ടെത്തുകയായിരുന്നുവെന്ന് ദുബൈ പൊലീസ് വെളിപ്പെടുത്തി. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോൾ ഇയാൾ ആരോപണങ്ങൾ നിഷേധിച്ചു.
ഇതോടെ ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് ലബോറട്ടറിയിലേക്ക് വിശകലനത്തിനായി അയച്ചു. 18 അശ്ലീല വീഡിയോ ഫയലുകൾ ഫോണിലുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ടിൽ കണ്ടെത്തി. കൂടാതെ അശ്ലീല ചിത്രങ്ങൾ തനിക്ക് അയക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രതി പ്രേരിപ്പിക്കുന്ന ചാറ്റുകളും കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത ഒരാളെ ചൂഷണം ചെയ്യാനുള്ള മാർഗമായി പ്രതി ഇൻസ്റ്റാഗ്രാം ഉപയോഗിച്ചതായും വോയ്സ് മെസേജുകളിലൂടെയും സ്വകാര്യ ചാറ്റുകളിലൂടെയും അധാർമിക ഉള്ളടക്കം ആവശ്യപ്പെട്ടതായും കോടതി വിധിന്യായത്തിൽ പറഞ്ഞു. പ്രതിയുടെ ഫോണിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതിനാൽ കുറ്റം നിഷേധിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി.
asian man in dubai was fined 5000 dirhams


































