മസ്കത്ത്: (gcc.truevisionnews.com) ദേശീയ ദിനാഘോഷ അവധിയും വാരാന്ത്യ അവധിയും ഒത്തുചേർന്നതോടെ നാടുമുഴുവൻ അവധി മൂഡിൽ. അവധിയാഘോഷിക്കാൻ പല മാർഗങ്ങൾ തേടുകയാണ് ജനം. പ്രവാസികൾ മിക്കവരും യാത്രയാണ് തിരഞ്ഞെടുക്കുന്നത്.
ജോലിത്തിരക്കുകളിൽനിന്നൊഴിഞ്ഞ് കുടുംബമൊത്തും സുഹൃത്തുക്കൾക്കൊപ്പവും ഡെസ്റ്റിനേഷൻ തേടി പോകുന്നവരും ഒറ്റക്ക് സഞ്ചരിക്കുന്നവരുമുണ്ട്. തണുത്ത താപനില, തെളിഞ്ഞ ആകാശം, സുഖകരമായ കാറ്റ് എന്നിങ്ങനെ, ഒമാന്റെ വൈവിധ്യമാഅർന്ന പ്രകൃതിദൃശ്യങ്ങളിലേക്ക് യാത്രചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയങ്ങളിലൊന്നാണിപ്പോൾ. സുൽത്താനേറ്റിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ബുധനാഴ്ച തിരക്ക് അനുഭവപ്പെട്ടുതുടങ്ങി.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ഇതു തുടരും. വാരാന്ത്യ അവധി കഴിഞ്ഞ് ഞായറാഴ്ച ഓഫിസുകളുടെ പ്രവർത്തനം പുനരാരംഭിക്കും. മസ്കത്ത് നഗരത്തിൽ മാത്രം യാത്ര ലക്ഷ്യമിടുന്നവർക്ക് സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മസ്ജിദ്, റോയല്‍ ഓപറ ഹൗസ്, മത്ര കോര്‍ണിഷ്, മത്രയിലെ പാരമ്പര്യ സൂഖ് , നാഷനൽ മ്യൂസിയം, പഴയ മസ്‌കത്ത് നഗരപ്രദേശം, അല്‍ ആലം കൊട്ടാരം, ഖുറം പാര്‍ക്ക്, ഖുറം ബീച്ച് തുടങ്ങിയവയും മസ്കത്തിന് സമീപത്തെ വാദികളും പലരുടെയും സഞ്ചാര ലക്ഷ്യമാണ്. പൈതൃകഭംഗിയാർന്ന നിരവധി കോട്ടകളാണ് ഒമാന്റെ മറ്റൊരു സവിശേഷത.
ദേശീയദിനങ്ങളോടനുബന്ധിച്ചുള്ള ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കി. ഒമാനിലെ ഭൂരിഭാഗം ഗവർണറേറ്റുകളിലും ആകാശം തെളിഞ്ഞിരിക്കുെമന്നാണ് അറിയിപ്പ്. എന്നാൽ മുസന്ദം, വടക്കൻ ബാത്തിന മേഖലകളിലൂടെ മേഘങ്ങൾ സഞ്ചരിക്കുന്നതിനാൽ ചിലയിടങ്ങളിൽ ചെറിയ തോതിൽ മഴ ലഭിക്കാനിടയുണ്ട്. പകൽസമയത്ത് താപനില സാമാന്യം മിതമായിരിക്കും.
Oman during National Day holiday



























