ജുബൈൽ: ( www.truevisionnews.com ) മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിലെ പൈപ്പ് ലൈനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. പോണ്ടിച്ചേരി സ്വദേശി കുപ്പുസ്വാമി (58) ആണ് മരിച്ചത്. ജുബൈലിനടുത്തുള്ള അൽ ഫറെയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടമുണ്ടായത്
കുപ്പുസ്വാമിയും സഹപ്രവർത്തകൻ മണിയുമാണ് ബോട്ടിലുണ്ടായിരുന്നത്. യാത്രതിരിച്ച് മുക്കാൽ മണിക്കൂറിന് ശേഷം പൈപ്പ് ലൈനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ കുപ്പുസ്വാമി കടലിലേക്ക് തെറിച്ചു വീണു. കൂടെയുണ്ടായിരുന്ന മണി ഉടന്‍ കോസ്റ്റ് ഗാഡിനെ വിവരം അറിയിച്ചു.
സുരക്ഷ വിഭാഗം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുപ്പുസ്വാമിയുടെ ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്. ദമ്മാമിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
Fishing boat hits pipeline in Jubail Saudi Arabia Indian expatriate dies
































