യു എ ഇ: (gcc.truevisionnews.com)പതിനഞ്ചായിരത്തോളം ഭക്തർ ഭാഗമാവുന്ന അയ്യപ്പ പൂജ മഹോത്സവത്തിന് യുഎഇ യിൽ വേദിയൊരുങ്ങുന്നു. യു എഇ അയ്യപ്പസേവ സമിതിയുടെ ആഭിമുഖ്യത്തിൽ 'അഭിഷേക തീർത്ഥ'മെന്ന പേരിൽ ഈ വരുന്ന ശനിയും ഞായറുമായാണ് സംഗമം നടക്കുക.
ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.
ശനിയാഴ്ച വൈകുന്നേരം ഭഗവതിസേവയോടെ തുടങ്ങുകയും ഞായറാഴ്ച കാലത്തെ ഗണപതിഹോമത്തോടെ പുനരാരംഭിക്കുകയും ചെയ്യും.
ക്ഷേത്ര കലകളായ പഞ്ചവാദ്യവും സോപാന സംഗീതവും ഒപ്പം അയ്യപ്പന് ഏറെ പ്രിയങ്കരമായ ചിന്തുപാട്ടും കൊൽക്കളിയും മഹോത്സവത്തിന്റെ പ്രത്യേകതകളാണ്.
പ്രധാന വഴിപാടായ സർവൈശ്വര്യ പൂജ എട്ടുമണിക്ക് നടക്കും. തുടർന്ന് നൃത്ത നൃത്യങ്ങളും ഉച്ചപൂജയും ഉച്ചക്ക് ശേഷം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനായ സന്നിധാനന്ദനും സംഘവും നയിക്കുന്ന നാമസംഗീർത്തനവും അഞ്ചരമണിക്ക് പടിപൂജയും ഉണ്ടാകും.
ഈ ദിവസങ്ങളിൽ ഭക്തജനങ്ങൾക്കായി അന്നദാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം ഗൃഹസമ്പർക്കവുമായി ഒരു വർഷം നീണ്ട തയ്യാറെടുപ്പുകളോടെ ഇരുപത്തിയഞ്ചാം വാർഷികമായ അടുത്ത വർഷം സാംസ്കാരികവും ആധ്യാത്മികവുമായ പരിപാടികളുമായി വിപുലമായി മഹോത്സവം ആഘോഷിക്കുവാനും അയ്യപ്പ സേവാ സമിതി തീരുമാനിച്ചിട്ടുണ്ട്.
Ayyappa Pooja Festival, UAE


































