Nov 18, 2025 01:48 PM

ദുബായ്: (gcc.truevisionnews.com) വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍.

ദുബായ് എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന ബോയിങ് 777 എയര്‍ക്രാഫ്റ്റിലാണ് ഇത് ആദ്യം പരീക്ഷിക്കുക. എയര്‍ഷോയ്ക്ക് പിന്നാലെ വൈഫൈ സംവിധാനമുള്ള വിമാനം സര്‍വീസ് ആരംഭിക്കും. 2027 പകുതിയോടെ എമിറേറ്റ്സിന്റെ എല്ലാ വിമാനങ്ങളിലും സ്റ്റാര്‍ലിങ്ക് കണക്ഷന്‍ ലഭ്യമാക്കും. എല്ലാ ക്ലാസിലെയും യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ഇതിന് പ്രത്യേകം ചാര്‍ജ് ഈടാക്കില്ല. സ്‌കൈ വാര്‍ഡ്സ് മെമ്പര്‍ഷിപ്പും ആവശ്യമില്ല.

232 എയര്‍ക്രാഫ്റ്റുകളാണ് നിലവില്‍ എമിറേറ്റ്സിനുള്ളത്. ഓരോ മാസവും 14 വീതം എയര്‍ക്രാഫ്റ്റുകളില്‍ സ്റ്റാര്‍ ലിങ്ക് ഡേറ്റാ സംവിധാനം ഘടിപ്പിക്കും. ഫെബ്രുവരിയോടെ ഇതിനുളള നടപടികള്‍ ആരംഭിക്കാനാണ് തീരുമാനം. യാത്രക്കാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ആഡംബര സേവനങ്ങള്‍, ഷവറുകള്‍ ഉള്‍പ്പെടെയുള്ള ഫസ്റ്റ് ക്ലാസ് സ്യൂട്ടുകള്‍, വിശാലമായ എയര്‍ബസ് വിമാനങ്ങള്‍ എന്നിവയാണ് എമിറേറ്റ്സിനെ യാത്രക്കാര്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ദീര്‍ഘദൂര എയര്‍ലൈന്‍ എന്ന നേട്ടവും അടുത്തിടെ എമിറേറ്റ്‌സ് സ്വന്തമാക്കിയിരുന്നു.

emirates airlines to offer star link wifi on all aircraft over next two years

Next TV

Top Stories










News Roundup






Entertainment News