ദുബായ് : ( gcc.truevisionnews.com ) പുതുവർഷത്തിന് പിന്നാലെ യുഎഇയിൽ കനത്ത മൂടൽമഞ്ഞ് പടരുന്നു. ദുബായ്, അബുദാബി ഉൾപ്പെടെയുള്ള വിവിധ തീരദേശ-ഉൾനാടൻ മേഖലകളിൽ കാഴ്ചപരിധി കുറഞ്ഞതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പുലർച്ചെ മുതൽ 10 മണി വരെ നീണ്ടുനിന്ന കനത്ത മഞ്ഞിൽ പലയിടങ്ങളിലും ഗതാഗതം ദുഷ്കരമായി.
റോഡുകളിൽ വാഹനങ്ങൾ വേഗത കുറച്ചും ഇൻഡിക്കേറ്റർ ലൈറ്റുകൾ തെളിച്ചുമാണ് യാത്ര തുടരുന്നത്. മൂടൽമഞ്ഞ് രൂക്ഷമായ സാഹചര്യത്തിൽ അബുദാബി പൊലീസ് പ്രമുഖ പാതകളിൽ വേഗനിയന്ത്രണം ഏർപ്പെടുത്തി. മക്തൂം ബിൻ റാഷിദ് റോഡിൽ (അൽ ഷഹാമ - സെയ്ഹ് അൽ സദിറ) വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചു.
ദൂരക്കാഴ്ച കുറയുമ്പോൾ അപകടങ്ങൾ ഒഴിവാക്കാനായി നിശ്ചയിച്ചിട്ടുള്ള സ്മാർട്ട് ട്രാഫിക് സംവിധാനത്തിന്റെ ഭാഗമായാണ് നടപടി. മുൻപിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. ദുബായിലെയും അബുദാബിയിലെയും ഷാർജയിലെയും തെരുവുകൾ പൂണമായും മഞ്ഞിൽ പുതഞ്ഞ നിലയിലായിരുന്നു.
തെരുവുവിളക്കുകൾ മഞ്ഞിലൂടെ മങ്ങി കാണപ്പെടുന്ന അവസ്ഥയായിരുന്നു രാവിലെ. ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇന്ന് അബുദാബിയിൽ 15 മുതൽ 24 ഡിഗ്രി വരെയും ദുബായിൽ 13 മുതൽ 24 ഡിഗ്രി വരെയുമായിരിക്കും താപനിലയെന്നും അധികൃതർ വ്യക്തമാക്കി.
Heavy fog in Dubai Red alert in Dubai and Abu Dhabi speed limits reduced


























