മസ്കത്ത്: (gcc.truevisionnews.com ) തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും റോഡുകളുടെ വികസനത്തിനും പദ്ധതികളുമായി ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. അൽ മൗജ് റോഡ്, നവംബർ 18 സ്ട്രീറ്റ് റോഡ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപിപ്പിച്ച് ടെൻഡർ നൽകി.
എയർപോർട്ട് ബ്രിഡ്ജിൽ നിന്ന് അൽ ഇശ്‌റാഖ് റൗണ്ട് എബൗട്ടിലേക്കുള്ള പാതയുടെ വികസനം, സീബ് ബീച്ചിലേക്കുള്ള റോഡിന്റെ ഇരുവശത്തും മൂന്നാം പാത കൂട്ടിച്ചേർക്കൽ, അൽ മൗജ് റൗണ്ട് എബൗട്ടിൽ പാലത്തിന്റെയും ഫോർവേഡ് ട്രാഫിക് ലൈറ്റുകളുടെയും നിർമാണം, നിലവിലുള്ള അൽ ബഹ്ജ റൗണ്ട് എബൗട്ടിൽ വാഹനങ്ങൾക്കായി ഓവർപാസും അണ്ടർപാസും നിർമ്മിക്കൽ എന്നിവ ടെൻഡർ നൽകിയ നടപടികളിൽ പെട്ടതാണ്.
നവംബർ 18 റോഡിൽ നിന്ന് മവേലി ബ്രിഡ്ജിലേക്ക് പോകുന്ന വാഹനങ്ങൾക്കായി രണ്ട് അണ്ടർപാസുകൾ നിർമ്മിക്കുന്നതിനൊപ്പം, അൽ മൗജ് റൗണ്ട് എബൗട്ടിൽ നിന്ന് മവേലി ബ്രിഡ്ജിലേക്ക് ഒരു മൂന്നാം പാത ചേർക്കുന്നതും ടെൻഡർ നൽകിയവയിൽ ഉൾപ്പെടുന്നു. മസ്കത്ത് എക്സ്പ്രസ് വേ വിപുലീകരണ പദ്ധതിക്കുള്ള ടെൻഡർ നടപടിക്രമം അന്തിമമാക്കിവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
മസ്കത്ത് രാജ്യാന്തര വിമാനത്താവളം തുറന്നതും അൽ മൗജ് ഇന്റഗ്രേറ്റഡ് കോംപ്ലക്സിനുള്ളിലെ ഹോട്ടലുകളുടെയും മറ്റ് വിനോദ, ടൂറിസം സൗകര്യങ്ങളുടെയും എണ്ണം വർധിച്ചതും റൗണ്ട് എബൗട്ട് തിരക്കേറിയ ഒരു ഗതാഗത പ്രദേശമായി മാറിയിട്ടുണ്ടെന്നും ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Muscat traffic congestion to be solved; Government launches new project




























